രമണൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള

കഥാപാത്രങ്ങൾ

⚫ രമണൻ, മദനൻ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാർ
⚫ ചന്ദ്രിക : ഒരു പ്രഭുകുമാരി
⚫ ഭാനുമതി : ചന്ദ്രികയുടെ സഖി
⚫ ഗായകസംഘം
⚫ മറ്റു ചില ഇടയന്മാർ




ഭാഗം ഒന്ന്

രംഗം ഒന്ന്

(ഗായകസംഘം)

⚫ ഒന്നാമത്തെ ഗായകൻ

 മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
പുളകം‌പോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്‍കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ!

⚫ രണ്ടാമത്തെ ഗായകൻ

 തളിരും മലരും തരുപ്പടർപ്പും
തണലും തണുവണിപ്പുല്‍പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപ്പറക്കുന്നപക്ഷികളും
പരിമൃദുകല്ലോലവീണമീട്ടി-
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്‍ക്കുന്ന കുന്നുകളും
പരശതസസ്യവിതാനിതമാം
പല പല താഴ്‌വരത്തോപ്പുകളും
പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ
പരിചെഴും നെൽ‌പ്പാടവീഥികളും
ഇടയന്‍റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും-
ഇവയെല്ലാ,മാ വെറും ഗ്രാമരംഗം
ഭുവനൈകസ്വർഗ്ഗമായ്‌ത്തീർത്തിരുന്നു!

⚫ മൂന്നാമത്തെ ഗായകൻ

 അവികലശാന്തിതൻ പൊന്തിരക-
ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു;
അഴകുമാരോഗ്യവും സ്വസ്ഥതയു-
മവിടത്തിൽ മൊട്ടിട്ടു നിന്നിരുന്നു!
അവിടമൊരൈശ്വര്യദേവതത-
ന്നനഘദേവാലയമായിരുന്നു;
മതി മമ വർണ്ണനം-നിങ്ങളൊന്നാ
മലനാടു കണ്ടാൽക്കൊതിച്ചുപോകും!

 അവിടേയ്ക്കു നോക്കുകത്താഴ്‌വരയി-
ലരുവിക്കരയിലെപ്പുൽത്തടത്തിൽ
ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ-
രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!
നിശിതമദ്ധ്യാഹ്നമാക്കാനനത്തിൻ-
നിറുകയിൽത്തീമഴപെയ്തു നില്‍ക്കേ!
അവിടത്തെച്‌ഛായാതലങ്ങൾ, കാൺകെ-
ന്തനുപമശീതളകോമളങ്ങൾ!

 പരിമൃദുചന്ദനപല്ലവങ്ങൾ!
പരിചിൽ പുണർന്നു വരുന്ന തെന്നൽ
അവരെത്തഴുകിയുറക്കിടും‌മു-
മ്പ,വിടെ നമുക്കൊന്നു ചെന്നുപറ്റാം!
അവരുടെയോമൽ‌സ്വകാര്യമെന്തെ-
ന്നറിയുവാൻ നിങ്ങൾക്കും മോഹമില്ലേ?
വരു വരു, വേഗം നടക്കു, നമ്മൾ-
ക്കൊരുമിച്ചങ്ങെത്തിടാം കൂട്ടുകാരേ!

രംഗം രണ്ട്

(രമണൻ ഒരു മരച്ചോട്ടിൽ കിടക്കുന്നു. അവനോടു തൊട്ട് മദനൻ കൊടുകൈയും കുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴു വയസ്സു പ്രായം. മദനന്
ഇരുപത്തിമൂന്നു വയസ്സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തിൽ. നീണ്ടു കൃശമായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം)


• മദനൻ
 രമണ, നീയെന്നിൽനിന്നാ രഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്‍റെ ജീവനല്ലേ?
ഒരു തുള്ളി രക്തത്തിൻ രേഖപോലും
കുറെ നാളായ് നിന്മുഖത്തില്ലയല്ലോ!
കരളുന്നതുണ്ടൊരു ചിന്ത നിന്‍റെ
കരളിനെ നിത്യ,മെനിക്കറിയാം.
പറയൂ, തുറന്ന,തതിന്നുവേണ്ടി-
പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ!
വദനം യഥാർത്ഥത്തിൽ മാനവന്‍റെ
ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ,
ലവലേശം സംശയമില്ല, ചിന്താ-
വിവശമാണിന്നു നിന്നന്തരംഗം!
അതിനുള്ള കാരണ,മെന്തുതാനാ,-
ട്ടഖിലം തുറന്നെന്നോടോതണം നീ.
ബലമെൻ മനസ്സിലില്ലല്‍പവും നിൻ
വിളറിയൊരീ മുഖം നോക്കി നില്‍ക്കാൻ
കനിവെന്നിലുണ്ടെങ്കിലാ രഹസ്യ-
മിനിയും മറച്ചു നീ വയ്ക്കരുതേ!
മുഖമൊന്നുയർത്തു, നിൻസങ്കടങ്ങ-
ളഖിലവുമെന്നെ മനസ്സിലാക്കൂ!

(തളിർമരക്കൊമ്പത്തു രണ്ടു മഞ്ഞ-
ക്കിളികൾ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാർതൻ-
നിറുകയിൽ ഞെട്ടറ്റടർന്നുവീണു;
അരുവിയിൽ വെള്ളം കുടിച്ചുപോകാ-
നൊരു കൊച്ചു മാൻപേട വന്നുചേർന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി-
യൊരു നീലപ്പൊന്മാൻ പകച്ചുപൊങ്ങി.)


• രമണൻ
 മമ മനം നീറുന്നു-കഷ്ട,മെന്‍റെ
മദന, നീയിങ്ങനെ ചൊല്ലരുതേ!
പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യം‌പോലും നമ്മിലുണ്ടോ?
പരിഭവിക്കായ്കെന്നോടിപ്രകാരം;
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളൂ:

 ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോൽപൂഴിമണ്ണി-
ലമരും വെറുമൊരു പുല്‍ക്കൊടിയിൽ;
ഉയരണം പുല്‍ക്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേക്ക,ല്ലെന്നാകിൽ
സുരപഥം വിട്ടസ്സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണിൽ!
ഇതു രണ്ടും സാധ്യവുമല്ല-പിന്നാ-
പ്പുതുനിഴലാട്ടംകൊണ്ടെന്തു കാര്യം?
അനുചിതവ്യാമോഹംമാത്രമാകു-
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്‍ക്കൊടി;യാ
നിരവദ്യനക്ഷത്രം ‘ചന്ദ്രിക’യും.

 കനകശൈലാഗ്രത്തിലാവിലാസം
കതിർ‌വീശി നില്‍പോരമൂല്യഭാഗ്യം!-
ഒരു പൊന്മുകിലുമായൊത്തുചേർന്നു
പരിലസിക്കേണ്ടും മയൂഖകേന്ദ്രം!-
അതു വന്നിപ്പുൽത്തുമ്പിലൂർന്നുവീണാ-
ലതു മഹാസാഹസമായിരിക്കും,
നിരസിച്ചുനോക്കി പലപ്പോഴുമാ
നിരഘാനുരാഗസമർപ്പണം ഞാൻ;
ഫലമില്ല,പ്പൊൻ‌കതിർ മാറുകില്ല;
കലഹിക്കാൻ ശക്തി വരുന്നുമില്ല.

(ഒരു നെടുവീർപ്പിൻ തിരകളിലാ
സ്വരസുധ പെട്ടെന്നലിഞ്ഞുപോയി.)


• മദനൻ
 മഹിയിൽ നീയക്കാമ്യമായൊരോമ-
ന്മഹിമതൻ മുന്നിൽ നമസ്കരിക്കൂ!
അവളെന്തു ദേവത, ദിവ്യയാമൊ-
രവതാരചാരുത, രാഗപൂത!
അവളുടെ രാഗത്തിന്നർഹനാവാൻ
കഴിവതുതന്നെന്തു ഭാഗധേയം!
നിരഘമായുള്ളൊരിപ്രേമദാനം
നിരസിച്ചിടുന്നതൊരുഗ്രപാപം!
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ സസ്‌പൃഹം സ്വീകരിക്കു!

• രമണൻ
 ശരിതന്നെ-പക്ഷെ, മദന, നീയെൻ
പരമാർത്ഥവസ്തുതയോർത്തുനോക്കൂ;
അവനിയിൽ ഞാനാരൊരാട്ടിടയൻ
അവഗണിതൈകാന്തജീവിതാപ്തൻ!
പുഴകളും കാടും മലയുമായി-
ക്കഴിയും വെറുമൊരധഃപതിതൻ!
അവളോ-വിശാലഭാഗ്യാതിരേക-
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി-
ക്കതിരിട്ടുനില്‍ക്കേണ്ടും കല്‍പവല്ലി!
അവളെയാശിക്കുവാൻപോലുമിന്നൊ-
രവകാശമില്ലെനിക്കെന്തുകൊണ്ടും.
ഇതുവിധം നിർബ്ബാധമീവനത്തി-
ലിടയനായ്‌ത്തന്നെ ഞാൻ വാണിടട്ടെ,
ചപലവ്യാമോഹങ്ങളാനയിക്കും
ചതിയിൽപ്പെടാൻ ഞാനൊരുക്കമില്ല.

• മദനൻ
 രമണ, നിൻ‌ ചിന്തകൾക്കർത്ഥമില്ല;
ഭ്രമവും പ്രണയവുമേകമല്ല;
പണവും പ്രതാപവുമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്ല.
സമുദായനീതികളല്ലതിന്‍റെ
വിമലസാമ്രാജ്യത്തിൻ മാനദണ്ഡം
അതിലിശ്ശരീരം ശരീരമല്ല;
ഹൃദയം ഹൃദയത്തെയാണു കാണ്മൂ!
അറിവൂ ഞാൻ; ചന്ദ്രിക നിഷ്കളങ്ക,
പരിശുദ്ധസ്നേഹത്തിൻ സ്വർഗ്ഗഗംഗ.
കഴിയുമവൾക്ക,തിലുല്ലസിക്കും
കനകസോപാനത്തെ കൈവെടിയാൻ;
ഇടയന്‍റെ ചിത്തവിശുദ്ധിവിങ്ങും
കുടിലിലെപ്പൊൻ‌വിളക്കായി മാറാൻ!
അതുമിനിസ്സാദ്ധ്യമല്ലെങ്കിൽ വേണ്ടാ,
ക്ഷിതിയിലവൾക്കിതു സാദ്ധ്യമല്ലേ-
ഇടയനെ‌പ്പാ‌ഴ്‌ക്കുടിലിങ്കൽനിന്നും
മടുമലർമേടയിലേക്കുയർത്താൻ?
അവളിലുണ്ടത്രയ്ക്കനഘമാകു-
മനുരാഗമോലും ഹൃദയമേകം;
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ കൈകൂപ്പി സ്വീകരിക്കൂ!

• രമണൻ
 അറിവതില്ലിപ്രേമനാടകത്തിൻ
പരിണാമമെമ്മട്ടിലായിരിക്കും.
ഇനി ഞാൻ പറയട്ടെ, തോഴ, ഞാനാ
പ്രണയത്തിടമ്പിലലിഞ്ഞുപോയി.
ശരിയാണതെന്നാലുമിക്കഥയി-
ദ്ധരയൊരുനാളുമറിഞ്ഞുകൂടാ!
അറിയിക്കാതാവോളം കാത്തുനോക്കു-
മവളെയുംകൂടി ഞാനീ രഹസ്യം;
ഒരുനാളും കാണിക്കയില്ല ഞാനാ-
ക്കിരണത്തെയെന്‍റെ യഥാർത്ഥവർണ്ണം.
കഴിവോളമീ മായാമണ്ഡലംവി-
ട്ടൊഴിയുവാൻ മാത്രമേ നോക്കിടൂ ഞാൻ!

• മദനൻ
 സഹകരിക്കട്ടെ സഹജ നിന്നെ-
സ്സകലസൗഭാഗ്യവും മേല്‍ക്കുമേലേ!
ഒരുപുഷ്പകല്യാണമണ്ഡപത്തി-
ലൊരുദിനം നിങ്ങളെ രണ്ടുപേരെ
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീയോമനക്കൊച്ചനുജൻ!
ദ്രുതമാ മുഹൂർത്തം പറന്നണയാൻ
സതതം ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും!
(രമണനും മദനനും എഴുന്നേറ്റു വനത്തിന്‍റെ മറ്റൊരു ഭാഗത്തേക്കു പോകുന്നു)


• ഗായകസംഘം
 അരുണൻ പടിഞ്ഞാറെക്കൊച്ചു കുന്നിൻ-
ചെരുവിലല്‍പാല്‍പമായ്ത്താണിരുന്നു.
പതിവുപോലാലയിലേക്കു പോകാൻ
പുഴവക്കത്താടുകൾ വന്നുചേർന്നു.
മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകൾ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകൾ മൂളിമൂളി,
ഇടവഴിത്താരയിൽക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി!

•മറ്റൊരു ഗായകസംഘം
 അരികത്തരികത്താ ലോലഗാന-
മൊരുസുഖസ്വപ്നംപോലാഗമിക്കേ,
വഴിവക്കിലുള്ളൊരക്കോമളമാ-
മെഴുനിലപ്പൂമണിമാളികയിൽ,
അതിനെയും കാത്തൊരു നിർവൃതിതൻ-
ഹൃദയമിരുന്നു മിടിച്ചിരുന്നു.
വിഭവപ്രഭാവമേ, നിൻ പരുത്ത
വിരിമാറിലിമ്മട്ടൊരോമലത്തം
എളിമയെപ്പുല്‍കുവാൻ കാത്തിരിപ്പൂ-
വെളിപാടുകൊള്ളുകയില്ലയോ നീ?
സമയമായ്; വേഗം നീ കെട്ടഴിക്കൂ,
സമുദായമേ നിന്‍റെ നീതിശാസ്ത്രം!
തിരതല്ലിയാർക്കും സ്ഥിതിസമുദ്രം
വെറുമൊരെറുമ്പുചാലാകയെന്നോ!
നിയമാനുസാരം നിൻ കൃത്യമെല്ലാം
സ്വയമൊന്നു വേഗം നീ ചെയ്തുതീർക്കൂ!

രംഗം മൂന്ന്

(ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ രമണനും ചന്ദ്രികയും പുൽത്തകിടിയിൽ ഇരിക്കുന്നു.
ആദിത്യൻ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകർഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല
പൂവല്ലികൾ പൂത്തു നില്‍ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ വീശിക്കൊണ്ടിരിക്കുന്നു. വികാരോദ്ദീപകമായ പുഷ്പസൗരഭ്യം
അവിടെയാകമാനം പ്രസരിക്കുന്നു.)


• രമണൻ
 എങ്കിലും, ചന്ദ്രികേ, നമ്മൾ കാണും
സങ്കല്‍പലോകമല്ലീയുലകം;
സംഗീതസാന്ദ്രമാം മാനസങ്ങ-
ളിങ്ങോട്ടു നോക്കിയാൽ ഞെട്ടുമേതും.
ഘോരസമുദായഗൃദ്ധ്രനേത്രം
കൂരിരുട്ടത്തും തുറിച്ചുനില്‍‍പൂ!
ചിന്തുമച്ചെന്തീപ്പൊരികൾ തട്ടി
ഹന്ത, പൊള്ളുന്നിതെൻ ചിന്തയെല്ലാം!

• ചന്ദ്രിക
 അന്നോന്ന്യം നമ്മുടെ മാനസങ്ങ-
ളൊന്നിച്ചു ചേർന്നു ലയിച്ചുപോയി.
പൊട്ടിച്ചെടുക്കില്ലിയിനിയതു ഞാ-
നെത്രയീ ലോകം പുലമ്പിയാലും.
കുറ്റം‌പറയുവാനിത്രമാത്രം
മറ്റുള്ളവർക്കിതിലെന്തു കാര്യം?

• രമണൻ
 എങ്കിലും, ചന്ദ്രികേ, ലോകമല്ലേ?
പങ്കിലമാനസർ കാണുകില്ലേ?
ഹന്ത, നാം രണ്ടുപേർ തമ്മിലുള്ളോ-
രന്തമൊന്നു നീയൊർത്തുനോക്കൂ!
സ്വപ്നത്തിൽപ്പോലും ഞാൻ നിൻ പ്രണയ-
സ്വർഗ്ഗസം‌പ്രാപ്തിക്കിന്നർഹനാണോ?

• ചന്ദ്രിക
 എന്തു നിരർത്ഥമാം ചോദ്യമാണി-
തെ,ന്തിനിന്നീ വെറും ശങ്കയെല്ലാം?
മന്നിതിൽ ഞാനൊരു വിത്തനാഥ-
നന്ദിനിയായിപ്പിറന്നുപോയി.
കഷ്ട,മതുകൊണ്ടെൻ മാനസവും
ദുഷടമാകേണമെന്നില്ലയല്ലോ!
മാഹാത്മ്യധാമമാമൊന്നിനെ ഞാൻ
സ്നേഹിക്കാൻ പാടില്ലെന്നില്ലയല്ലോ!
ഈടാർന്ന രാഗാപദാനഗാനം
പാടരുതെന്നൊന്നുമില്ലയല്ലോ!

• രമണൻ
 തുച്ഛനാമെന്നെ നീ സ്വീകരിച്ചാ-
ലച്ഛനുമമ്മയ്ക്കുമെന്തുതോന്നും?

• ചന്ദ്രിക
 കൊച്ചുമകളുടെ രാഗവായ്പി-
ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?

• രമണൻ
 ഓരോ നിമിഷവും ലോകമെയ്യും
ക്കുരമ്പഖിലം ഞാനേറ്റുകൊള്ളാം;
എന്നെപ്പഴിക്കുന്ന കൂട്ടുകാരോ-
ടെന്നും ഞാൻ നേരിട്ടെതിർത്തു നിൽക്കാം;
എന്തിനീ, നശ്വരജീവിതത്തി-
ലെന്തുവേണെങ്കിലും ഞാൻ സഹിക്കാം!
നിൻ‌താതമാതാക്കൾക്കിണ്ടലേകാ-
നെന്താകിലും ഞാനൊരുക്കമില്ല!
നിന്നെയവരെല്ലാമത്രമാത്രം
പൊന്നുപോൽ കാത്തു വളർത്തിടുന്നു.
ആ മഹാവാത്സല്യമൂർത്തികൾത-
ന്നാശയും ശാന്തിയുമല്ലയോ നീ?
അങ്ങനെയുള്ള നീയിപ്രകാരം
കണ്ണുമടച്ചെന്നെ സ്വീകരിച്ചാൽ
ഇന്നതെന്തക്രമമായിരിക്കും,
ഒന്നു നീ ഗാഢമായോർത്തുനോക്കൂ!
ഹന്ത, നിൻ കൃത്യമവർക്കതെന്തൊ-
രന്തരംഗാഘാതമായിരിക്കും?
നേരിട്ടിടാനൊരു തുച്ഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്ലാമുണ്ടതിൽ ഗാഢമായി-
ച്ചിന്തിക്കാൻ, ചിന്തിച്ചു ചർച്ചചെയ്യാൻ?
ഒട്ടുമേ സംസ്കാരശിക്ഷണങ്ങൾ
തൊട്ടുതെറിക്കാത്തൊരാട്ടിടയൻ
ഉത്തമസംസ്കൃതയായ നിന്നെ-
ത്തത്ത്വോപദേശങ്ങളെന്തുചെയ്യാൻ?
പ്രേമമായ്‌ത്തെറ്റിദ്ധരിച്ചതാമീ
വ്യാമോഹമൊന്നു മറക്കുമോ നീ?

• ചന്ദ്രിക
 നോക്കുകെ,ന്തുജ്ജ്വലവാഗ്വിലാസം!
കേൾക്കേണ്ടെനിക്കീ പ്രസംഗമൊന്നും.
പ്രേമമല്ലെന്നാകിൽ വേണ്ട,-പോട്ടെ,
വ്യാമോഹമാകട്ടെ മിഥ്യയാട്ടെ
മാച്ചാലും മായാത്തമട്ടിലേതോ
മാർദ്ദവമുള്ളതാണീ വികാരം!
ഇഷ്ടം‌പോലിന്നിതിനെന്തു പേരു-
മിട്ടോളൂ പാടില്ലെന്നാർപറഞ്ഞു?
എന്തുപേരിട്ടാലു,മെത്രമാത്രം
നിന്ദ്യമാണിന്നിതെന്നോതിയാലും,
എന്നുമിതിനെ ഞാനോമനിക്കു-
മെന്നന്തരാത്മാവിനുള്ളറയിൽ
ആരെല്ലാമെന്തെല്ലാമോതിയാലും,
നേരിട്ടു കുറ്റപ്പെടുത്തിയാലും
മോഹിച്ചുപോയൊരാ മൗക്തികത്തെ
സ്നേഹിക്കാൻ‌മാത്രമെനിക്കറിയാം
അസ്നേഹലക്ഷ്യത്തിനായിനിയെ-
ന്തത്ഭുതത്യാഗവും ചെയ്യുവൻ ഞാൻ!

• രമണൻ
 നിൻമനഃസ്ഥൈര്യാപശങ്കമൂല-
മിമ്മട്ടെതിർത്തു ഞാൻ ചൊന്നതല്ല.
കൊച്ചുകുഞ്ഞാണു നീ, നിന്‍റെ കണ്ണിൽ
വിശ്വം മുഴുവൻ വെളുത്തുകാണും;
വാസ്തവത്തിങ്കൽ കരിനിഴലും
സ്വാർത്ഥാന്ധകാരവുമാണിതെല്ലാം!

• ചന്ദ്രിക
 നമ്മുടെ ചുറ്റുമായുള്ള ലോക-
മെമ്മട്ടായാൽ നമുക്കെന്തു ചേതം?
നിർമ്മലസ്നേഹാർദ്രചിത്തരാകും
നമ്മളെ,ന്തായാലും നമ്മളല്ലേ?

• രമണൻ
 എല്ലാം സഹിക്കാം;-വിഷമയമാ-
മെല്ലാറ്റിനെക്കാൾ ഭയങ്കരമായ്,
ഉഗ്രഫണവുമായ് ചീറ്റിനില്‍പൂ
ദുഷ്ടസമുദായകാളസർപ്പം!
ഒന്നതിൻ ദംശനമേറ്റുപോയാൽ-
പ്പിന്നെ, മരിച്ചവരായി നമ്മൾ!

• ചന്ദ്രിക
 നിന്ദ്യസമുദായനീതിയെല്ലാം
കണ്ണുമടച്ചു നാം സമ്മതിച്ചാൽ
ചിന്തിക്കുവാനുള്ള ശക്തിയെന്നൊ-
ന്നെതിനു, ഹാ! നാം കരസ്ഥമാക്കി?
പ്രേമാമൃതത്താലനശ്വരാത്മ-
ക്ഷേമസമ്പന്നരാകുന്ന നമ്മൾ
ഒട്ടും ഭയപ്പെടാനില്ല, വന്നി-
ട്ടക്കാളസർപ്പം കടിക്കുകിലും!

• രമണൻ
 ഒക്കെശ്ശരിതന്നെ;-യെങ്കിലും നി-
ന്നച്ഛനുമമ്മയും-ഓർത്തുനോക്കൂ;
പാകതയില്ലാത്ത നമ്മളെക്കാൾ
ലോകപരിചയം നേടി നേടി,
നന്മയും തിന്മയും വേർതിരിക്കാൻ
നമ്മളെക്കാളും മനസ്സിലാക്കി,
എന്തുചെയ്യാനുമഗാധമായി-
ച്ചിന്തിച്ചു ചിന്തിച്ചു മൂർച്ചകൂട്ടി,
ഉല്ലസിക്കുന്ന ഗുരുക്കളാണാ
വെള്ളത്തലമുടിയുള്ള കൂട്ടർ!
അമ്മഹാത്മാക്കൾക്കഹിതമായി
നമ്മളൊരിക്കലും ചെയ്തുകൂടാ.

• ചന്ദ്രിക
 സമ്മതിക്കുന്നു ഞാനാത്തമോദം
സൗമ്യമായുള്ളോരീ യുക്തിവാദം;
എന്നാൽത്തുറന്നുപറഞ്ഞിടാം ഞാ-
നൊ,ന്നിനിയെങ്കിലുമാശ്വസിക്കൂ.
(രമണന് ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്)
അച്ഛനുമമ്മയുമല്‍പവുമെ-
ന്നിച്ഛയ്‌ക്കെതിർത്തു പറകയില്ല;
സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ
സമ്മതമാണതവർക്കുമപ്പോൾ,
അത്രയ്ക്കു വാത്സല്യമാണവർക്കീ
പുത്രിയിലെന്തിനു ശങ്ക പിന്നെ?

• രമണൻ
 എന്തെല്ലാമായാലും നീയിതിന്മേൽ
ചിന്തിച്ചുവേണമുറച്ചുനില്‍ക്കാൻ;
ലോകം പനിനീരലർത്തോട്ടമല്ല-
പോകുന്നു, പോകുന്നു, ചന്ദ്രികേ, ഞാൻ!
ഏകാന്തതയിലൊഴിഞ്ഞിരുന്നീ
രാഗത്തെപ്പേർത്തും നീയോർത്തുനോക്കൂ!
തീക്കനലാണിതെന്നാൽ, മറവി-
ക്കാട്ടാറിലേക്കിതെറിയണം നീ;
അല്ല, പനീരലരാണിതെങ്കിൽ,
കല്യാണകല്ലോലരേഖപോലെ,
നിന്നന്തരാത്മാവിൽ ഗൂഢമായ് നീ-
യെന്നുമണിഞ്ഞു സുഖിച്ചുകൊള്ളൂ!
എങ്കിലും, ഹാ, നിനക്കോർമ്മവേണം:
സങ്കല്‍പലോകമല്ലീയുലകം!

രംഗം നാല്

(ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിന്‍റെ രണ്ടാമത്തെ നിലയിലുള്ള ഒരു മണിയറ. ചന്ദ്രിക പുഷ്പശയ്യാലംകൃതമായ ഒരു സോഫയിൽ
കിടക്കുന്നു. അവളോടു ചേർന്നു സോഫയിൽത്തന്നെ ഭാനുമതിയും ഇരിക്കുന്നു. നിരയോടു ചേർന്ന് അനവധി നിലക്കണ്ണാടികൾ. മുറിയുടെ
നടുവിലായി പ്രകാശപൂരിതമായ ഒരു വിളക്കു തൂക്കിയിട്ടിരിക്കുന്നു. അതിനു ചുവട്ടിൽ ഒരു വട്ടമേശയും ചുറ്റും കസേരകളും. സമയം രാത്രി
പത്തരമണി. ഭാനുമതി ചന്ദ്രികയെ വീശിക്കൊണ്ടിരിക്കുന്നു. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ ഒരു വശത്തേക്കു ചരിഞ്ഞ്, ഇടതുകൈമുട്ട്
ഉപധാനത്തിൽ കുത്തി, ശിരസ്സു താങ്ങിക്കൊണ്ട് ഭാനുമതിയോട് പറയുന്നു)


• ചന്ദ്രിക
 കണ്ടിട്ടില്ല ഞാനീവിധം മലർ-
ച്ചെണ്ടുപോലൊരു മാനസം,
എന്തൊരദ്ഭുതപ്രേമസൗഭഗം!
എന്തൊരാദർശസൗരഭം!
ആ നിധി നേടാനായാൽ, സഖി,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവൻ ശുദ്ധിയാണവൻ
സത്യസന്ധതയാണവൻ!
വിത്തമെന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളിൽ-
പ്പാടിയാടി നടക്കലും
ഒറ്റ ഞെട്ടിൽ വിടർന്നു സൗരഭം
മുറ്റിടും രണ്ട് പൂക്കൾപോൽ,
പ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും
വിശ്രമിക്കാൻ തണലേഴുമൊരാ
പച്ചക്കുന്നും വനങ്ങളും
നിത്യശാന്തിയും തൃപ്തിയും രാഗ-
സക്തിയും മനശ്ശുദ്ധിയും-
ചിന്തതൻ നിഴൽപ്പാടു വീഴാത്തൊ-
രെന്തു മോഹനജീവിതം!

• ഭാനുമതി
 അസ്വതന്ത്രയേശിടാത്തൊരെ-
ന്തത്യനഘമാം ജീവിതം!

• ചന്ദ്രിക
 സ്വർഗ്ഗശാന്തി തുളുമ്പിടും ലസൽ-
സ്വപ്നസാന്ദ്രമാം ജീവിതം!

• ഭാനുമതി
 കാട്ടുപൂങ്കളിർച്ചോലയെപ്പോലെ
പാട്ടുപാടുന്ന ജീവിതം!

• ചന്ദ്രിക
 വെണ്ണിലാവിലും വെണ്മ താവിടും
പുണ്യപൂർണ്ണമാം ജീവിതം!
ഒട്ടധികം കൊതിപ്പൂ ഞാനതി-
ലൊട്ടിയൊട്ടിപ്പിടിക്കുവാൻ.

• ഭാനുമതി
 അദ്ഭുതമാ,ണാ വേഴ്ചമൂലമൊ-
രപ്സരസ്സായിത്തീർന്നു നീ!

•ചന്ദ്രിക
മാമകാശാഖയൂഖചുംബിത-
രോമഹർഷകമണ്ഡലം.
കർമ്മഭീരുതകാരണ,മൊരു
കന്മതിലാൽ മറയ്ക്കുവാൻ
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസൻ!
മാമകാർദ്രനയോക്തിയാലൊരു
മാനസാന്തരമേകി ഞാൻ;
മാറിമാറിയണഞ്ഞ രശ്മിയെ
മാറോടു ചേർത്തണച്ചു ഞാൻ!

• ഭാനുമതി
 അത്രമാത്രം വിജയമായി നിൻ
സ്തുത്യരാഗാത്മകോദ്യമം!

•ചന്ദ്രിക
(എഴുന്നേറ്റിരുന്നിട്ട്)
 പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊ-
രിപ്രണയത്തിൻ ശൃംഖല-
നിർവൃതിതന്നപാരതയുടെ
നിർമ്മലസ്വപ്നമേഖല-
കാലദേശങ്ങൾക്കപ്പുറം പൂത്തു
ലാലസിക്കുന്ന പൂങ്കുല-
ദുഃഖജീവിതം ഗാനശീകര-
മഗ്നമാക്കുന്ന പൊന്നല!
ഇല്ലിനി,സ്സഖി, കൈവെടിയുക-
യില്ലിതു ഞാനൊരിക്കലും!

• ഭാനുമതി
 ആ മുരളീധരന്‍റെയുജ്ജ്വല-
പ്രേമവൃന്ദാവനികയിൽ
സ്വപ്നവും കാത്തിരുന്നിടുമൊരു
കൊച്ചുരാധയായ്ത്തീർന്നു നീ!

• ചന്ദ്രിക
 ഞങ്ങളാദ്യമായ്ക്കണ്ടുമുട്ടിയ
മംഗളാനന്ദവാസരം
ഒറ്റവത്സരമായിടാറാവു-
മൊട്ടുനാൾകൂടിപ്പോവുകിൽ!

• ഭാനുമതി
 അന്നതിൻ ദിവ്യവാർഷികോത്സവം
ഭംഗിയായിക്കഴിക്കണം!

• ചന്ദ്രിക
 ഭംഗിയായ്-അതേ ഭംഗിയായ്-അതി-
ഭംഗിയായിക്കഴിക്കണം!

• ഭാനുമതി
 മംഗളത്തിൻ മാറ്റുകൂട്ടണം!
മന്ദതയൊക്കെ മാറണം!

• ചന്ദ്രിക
 മുഗ്ദ്ധരാഗമെൻ ജീവനേകിയ
മുത്തുമാലയുമായി ഞാൻ,
അന്നു, മൽപ്രേമദൈവതത്തിനെ-
ച്ചെന്നുകൂപ്പി വണങ്ങിടും!

• ഭാനുമതി
 തന്നിടും നിനക്കെ,ങ്കിൽ നൂനമാ-
ദ്ധന്യനന്നൊരനുഗ്രഹം!

• ചന്ദ്രിക
 ഉൾപ്പുളകാംഗിയാകയാണു ഞാ-
നപ്രതീക്ഷയിൽപ്പോലുമേ!

• ഭാനുമതി
 അപ്രതീക്ഷയും ശക്തമാണിന്നൊ-
രദ്ഭുതോന്മദമേകുവാൻ!

• ചന്ദ്രിക
 ഇന്നതിന്നൊരു മാറ്റുകൂടുവാൻ
വന്നുചേർന്നു വസന്തവും!

• ഭാനുമതി
 മന്ദമാരുതൻ വീശിടുന്നിതാ
ചമ്പകത്തിൻ പരിമളം!

• ചന്ദ്രിക
 ചേലിലെന്നിൽ ത്രസിപ്പൂ, സങ്കല്‍പ-
ലോലസായൂജ്യവീചികൾ!

• ഭാനുമതി
 പ്രാണഹർഷവിശാലസാമ്രാജ്യ-
റാണിതന്നെ നീ ചന്ദ്രികേ!

• ചന്ദ്രിക
(എഴുന്നേറ്റിരുന്ന് ഭാനുമതിയുടെ കൈക്കുപിടിച്ചുകൊണ്ട്)
 എന്നെയുംകൂടി വിസ്മരിച്ചിതാ
വിണ്ണിലേക്കുയരുന്നു ഞാൻ!

• ഭാനുമതി
 വിസ്മയനീയംതന്നെയാണാത്മ-
വിസ്മൃതിതൻ കിനാവുകൾ.

• ചന്ദ്രിക
(മതിമറന്ന് ഭാനുമതിയുടെ കൈകോർത്ത് നൃത്തംചെയ്തുകൊണ്ട്)
 എങ്ങെ,വിടെ നീ മാമകപ്രേമ-
രംഗസംഗീതസാരമേ?
എങ്ങു, ഹാ! മന്മനം കവർന്ന നീ-
യെങ്ങു ഗന്ധർവ്വരത്നമേ?
ദേഹമല്ല മജ്ജീവനുംകൂടി,
ദേവ, നിൻ തൃപ്പദങ്ങളിൽ
ഉൾപ്പുളകമാർന്നർപ്പണംചെയ്‌വൂ
സസ്പൃഹം ഭക്തദാസി ഞാൻ!
(അണിയറയിൽ)
മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ?

• ചന്ദ്രിക
 ഞാനുറങ്ങുവാൻ പോകയാണമ്മേ,
ഭാനൂ, ദീപമണച്ചേക്കൂ!

രംഗം അഞ്ച്

(വനം. ഒരു മരച്ചുവട്ടിൽ രമണനും മദനനും ഇരിക്കുന്നു. ഇടതു ഭാഗത്തായി കളകളാരവത്തോടെ പുളഞ്ഞൊഴുകുന്ന ഒരു കൊച്ചരുവി.
ചുറ്റുപാടും പുഷ്പനിബിഡങ്ങളായ വല്ലിപ്പടർപ്പുകൾ. അരുവിക്കരയിൽ ആടുകൾ പുല്ലുമേഞ്ഞുകൊണ്ട് സ്വച്ഛന്ദം വിഹരിക്കുന്നു.
സമയം മദ്ധ്യാഹ്നത്തോടടുത്തിട്ടുണ്ട്. രമണന്‍റെ മുഖം അവ്യക്തമായ എന്തോ ഒരു ശങ്കയെ ദ്യോതിപ്പിക്കുന്നതെങ്കിലും പ്രസന്നവും
സുസ്മേരസുന്ദരവുമായി കാണപ്പെടുന്നു.)


• രമണൻ
 ആനന്ദത്തിന്‍റെ വെളിച്ചത്തിലിങ്ങനെ
ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ!
സങ്കല്‍പലോകത്തിലെങ്കിലുമിങ്ങനെ
സംഗീതമായിട്ടലഞ്ഞുവെങ്കിൽ!
എന്നോടു ചൊല്ലു, മദന, നീ-യിസ്വർഗ്ഗ-
നെന്നെന്നുമെൻ മുന്നിൽ നില്പതാണോ?
വഞ്ചിതനാകുകയില്‍ലേ ഞാനിന്നിതിൻ
പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?

• മദനൻ
(ദൃഡസ്വരത്തിൽ)
 എന്തിനു പേർത്തുമിസ്സംശയ,മാനന്ദ-
ചിന്തകൾകൊണ്ടു നീയാശ്വസിക്കൂ!
അപ്രേമതാരകമേതിരുളിങ്കലും
സുപ്രഭമാക്കും നിൻ ജീവിതാങ്കം!

• രമണൻ
(വികസിച്ച മുഖത്തോടുകൂടി)
 നിത്യവുമന്തിയിൽക്കണ്ടിടാറുണ്ടു ഞാ-
നൊറ്റയ്ക്കാപ്രേമസ്വരൂപിണിയെ.
അത്തളിർച്ചുണ്ടിൽനിന്നോമനപ്പുഞ്ചിരി-
പ്പിച്ചകപ്പൂക്കളടർന്നുവീഴും!
മന്ദാക്ഷലോലമാമാ മധുരസ്വര-
ബിന്ദുക്കളോരോന്നും മന്ദമന്ദം
എന്നന്തരാത്മാവിൽ വീണലിയുമ്പോഴേ-
ക്കെന്നെ ഞാൻ തീരെ മറന്നുപോകും!
എന്തൊരു മായാവിലാസമാണോർക്കില-
തെന്തൊരു വിഭ്രമരംഗമാവോ!

• മദനൻ
 അല്ലിയലാത്ത രണ്ടുജ്ജ്വലരശ്മിക-
ളുല്ലസൽപ്രേമത്തിന്മേഖലയിൽ
അന്യോന്യം കാണുന്ന രംഗങ്ങളൊക്കെയു-
മിങ്ങനെയുള്ളവയായിരിക്കും!

• രമണൻ
 അന്യോന്യദർശനമമ്മട്ടു ഞങ്ങൾക്കൊ-
രന്യൂനനിർവൃതിയേകിയിട്ടും,
നിർണ്ണയ,മംഗുലീസ്പർശനമെങ്കിലു-
മിന്നോളമുണ്ടായിട്ടില്ല തമ്മിൽ-
പങ്കിലമാക്കുകില്ലാ രാഗരശ്മി ഞാൻ
സങ്കല്‍പരംഗത്തിൽ‌വെച്ചുപോലും!

• മദനൻ
 നിൻ‌മനോനർമ്മല്യം ഞാനറിയാത്തത;-
ല്ലെന്നുമതിനെ ഞാനാദരിപ്പൂ!
ആദർശവീണയിൽപ്പാട്ടുപാടുന്ന ര-
ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ!
എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികൾ?

• രമണൻ
 മാമകജീവിതാകാശത്തിലുണ്ടു, ര-
ണ്ടോമനത്തോരങ്ങൾ നിർമ്മലങ്ങൾ:
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസൻ!
മാമകാർദ്രനയോക്തിയാലൊരു
മാനസാന്തരമേകി ഞാൻ;
ഒന്നു നീ, മറ്റേതക്കണ്മണി-നിങ്ങളോ-
ടൊന്നിച്ചിതുപോൽക്കഴിയുമെങ്കിൽ
മൃത്യുവിന്നപ്പുറത്തുണ്ടെന്നു കേൾക്കുമാ
സ്വർഗ്ഗവുംകൂടി ത്യജിക്കുവാൻ ഞാൻ!
നിങ്ങളെക്കണ്ടെന്‍റെ കണ്ണടഞ്ഞീടുകിൽ
മന്നിലെൻ ജന്മം സഫലമായി!
(കാടിന്‍റെ മറ്റൊരു ഭാഗത്തുകൂടി കൂട്ടുകാരായ മറ്റു ചില ഇടയന്മാർ പ്രവേശിക്കുന്നു. രമണന്‍റെ സംഭാഷണം പെട്ടെന്ന് നിലയ്ക്കുന്നു.
അവർ എല്ലാവരും ഒത്തൊരുമിച്ച് വനത്തിന്‍റെ വേറൊരു ഭാഗത്തേക്ക് അത്യുത്സാഹത്തോടെ ആർത്തുവിളിച്ചുകൊണ്ടു മറയുന്നു)

(അണിയറയിൽ)

•ഗായകസംഘം
 ഏകാന്തകാമുക, നിന്‍റെ രഹസ്യങ്ങൾ
ലോകം മുഴുവനറിഞ്ഞുപോയി
കുറ്റപ്പെടുത്തലിൻ കൂരമ്പേൽക്കാം പട-
ച്ചട്ട നീ വേഗം തിരഞ്ഞുകൊള്ളൂ!
തങ്കക്കിനാവേ, നീ താലോലിക്കുന്നൊര-
സ്സങ്കല്‍പലോകമല്ലീ പ്രപഞ്ചം!

രംഗം ആറ്

(സമയം പ്രഭാതം. ഗ്രാമത്തിന്‍റെ പൂർവ്വഭാഗത്തുള്ള കുന്നുകൾ ചെങ്കതിരുകൾ തട്ടി മിന്നിത്തിളങ്ങുന്നു. നേരിയ ഒരു മൂടൽമഞ്ഞ്
ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിന്‍റെ മുൻ‌വശത്തുള്ള നടപ്പാതയിലൂടെ രമണൻ ആടുകളേയും തെളിച്ചുകൊണ്ട് വരുന്നു.
ചന്ദ്രിക ഉദ്യാനത്തിൽ പൂ പറിച്ചുകൊണ്ടു നിൽക്കുന്നു. രമണനെ കണ്ടമാത്രയിൽ അവളുടെ മുഖം മന്ദാക്ഷമധുരമായ ഒരു
മന്ദഹാസത്തിൽ വികസിക്കുന്നു. അവൾ ഉദ്യാനത്തിനു ചുറ്റും കെട്ടിയിട്ടുള്ള അരമതിലിന്‍റെ സമീപത്തേക്ക് ഓടിച്ചെന്ന്
ഒരു പനിനീർപുഷ്പം രമണനു സമ്മാനിക്കുന്നു.)


• ചന്ദ്രിക
 എന്താണിന്നീവിധമേകനാവാൻ?
എങ്ങുപോയെ,ങ്ങുപോയ്‌ക്കൂട്ടുകാരൻ?

• രമണൻ
 ഇന്നവൻ മറ്റേതോ ജോലിമൂലം
വന്നില്ല; ഞാനിങ്ങു പോന്നു വേഗം.

• ചന്ദ്രിക
 കാനനച്ഛായയിലാടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്‍റെകൂടെ?
ആ വനവീഥികളീ വസന്ത-
ശ്രീവിലാസത്തിൽത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങൾ
പുഷ്പങ്ങൾകൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമൽക്കുയിലിണകൾ
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്‍പതലങ്ങൾ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകൾ വെൺ‌നുരയാൽ-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

• രമണൻ
 ആരണ്യച്ചാർത്തിലേക്കെന്‍റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിൻ‌കഴൽപ്പൂമ്പൊടി പൂശിനിൽക്കാൻ,
ശങ്കയി,ല്ലാ വനമർഹമല്ലേ!
എന്നെപ്പോൽ തുച്ഛരാമാട്ടിടയർ
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിർക്കൽ‌വിരിപ്പുകളാൽ
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലർ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിൻ ചേവടികൾ
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാൻ സമ്മതമേകുകില്ല!
ഈ മണിമേടയിൽ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനിൽക്കേ,
ആഡംബരങ്ങൾ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിർവൃതിപ്പൂക്കൾ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനിൽക്കേ,
ആസ്വാദനങ്ങൾ നിൻ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവൽനിൽക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകൾ ചൂഴുമക്കാനനത്തിൽ?

• ചന്ദ്രിക
 ഈ മണിമേടയിലെൻ‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെൻ ഭാവനതൻ-
സ്വർഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മൾക്കാ വിശ്വപ്രകൃതിമാതിൻ
രമ്യവിശാലമാം മാറിടത്തിൽ,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നർമ്മസല്ലാപങ്ങൾ നിർവ്വഹിക്കാം!

• രമണൻ
 പാടില്ല, പാടില്ല, നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തുകൂടാ!

• ചന്ദ്രിക
 ആലോലവല്ലികളെത്രയിന്നാ
നീലമലകളിൽ പൂത്തുകാണും!

• രമണൻ
 ഇക്കളിത്തോപ്പിൽ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തിൽ.

• ചന്ദ്രിക
 അങ്ങിപ്പോൾപ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!

• രമണൻ
 ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തിൽ.

• ചന്ദ്രിക
 എന്നെ വർണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!

• രമണൻ
 നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.

• ചന്ദ്രിക
 എന്നാലിന്നാ നല്ല പാട്ടു കേൾക്കാൻ
നിന്നോടുകൂടി വരുന്നു ഞാനും!

• രമണൻ
 എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേൾക്കരുതേ!

• ചന്ദ്രിക
 എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

• രമണൻ
 നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

• ചന്ദ്രിക
 എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?

• രമണൻ
 കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്‍റെ ജീവിതത്തിൽ!

• ചന്ദ്രിക
 നമ്മളിൽ പ്രേമം കിളർന്നതിൽപ്പി-
ന്നിന്നൊരു വർഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണീ ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

• രമണൻ
 ഇന്നു മുഴുവൻ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലിൽ
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
പൊന്നിൽക്കുളിച്ചുള്ളതായിരിക്കും;
നിർബ്ബാധം ഞാനിന്നാ നിർവൃതിയിൽ-
പ്പറ്റിപ്പിടിക്കുവാൻ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാൻ!

• ചന്ദ്രിക
 ജീവേശ, നിൻ‌വഴിത്താരകളിൽ-
പ്പൂവിരിക്കട്ടെ തരുനിരകൾ
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങൾകൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിൻ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!
(രമണൻ പോകുന്നു. ദൃഷ്ടിപഥത്തിൽനിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു. അകലെ
പച്ചപ്പടർപ്പുകൾക്കിടയിൽ, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടു
കണ്ണീർക്കണങ്ങൾ അടർന്നു നിലം‌പതിക്കുന്നു)
(അണിയറയിൽ)

“ചന്ദ്രികേ!....ചന്ദ്രികേ!...”




ഭാഗം രണ്ട്

രംഗം ഒന്ന്

ഉപക്രമരംഗം (ഗായകസംഘം)

• ഒന്നാമത്തെ ഗായകൻ
 ഒരു നവസുരഭിലഭാവനയെ
ഓമനിച്ചോമനിച്ചാട്ടിടയൻ
അനുപമസുലളിതവനതലത്തി-
ലാനന്ദലോലനായാഗമിപ്പൂ!

• രണ്ടാമത്തെ ഗായകൻ
 അവനുടെ വരവിലത്തരുനിരയി-
ലാലോലമർമ്മരമങ്കുരിപ്പൂ!

• മൂന്നാമത്തെ ഗായകൻ
 അവനുടെ കുളിർനീലശിലാതലത്തി-
ലാരുണ്യവല്ലികൾ പൂപൊഴിപ്പൂ!

• ഒന്നാമത്തെ ഗായകൻ
 ഒരുമിച്ചു നിവസിച്ചോരജങ്ങളെല്ലാം
ഓരോ വഴിയായതാ പിരിഞ്ഞു!
(അണിയറയിൽ മധുരമായ ഒരു ഓടക്കുഴൽ‌വിളി)

• രണ്ടാമത്തെ ഗായകൻ
 മുരളിയുമെടുത്തവൻ വനതലങ്ങൾ
ചാരുസംഗീതത്തിൽ മുക്കിടുന്നു.

• മൂന്നാമത്തെ ഗായകൻ
 ഉലകിനെ മറന്നവനുദിതരാഗൻ
നാദബ്രഹ്മത്തിലലിഞ്ഞുടുന്നു.
(പോകുന്നു)
(ഒരു പുതിയ ഗായകസംഘം)


• ഒന്നാമത്തെ ഗായകൻ
 പതിവുപോൽക്കനൽ‌വെയിൽ ചൊരിഞ്ഞു, വാനിൽ
മദ്ധ്യാഹ്നസൂര്യൻ ജ്വലിച്ചുനിൽപ്പൂ.

• രണ്ടാമത്തെ ഗായകൻ
(അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്)
ഒരു പൂത്തമരത്തിന്‍റെ തണൽച്ചുവട്ടിൽ,
ഓമൽതൃണങ്ങൾ വിരിച്ച പട്ടിൽ
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിടന്നിടുന്നു!

• ഒന്നാമത്തെ ഗായകൻ
(അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്)
 ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങൾ
ചൂടുന്നു നേരിയ പുഞ്ചിരികൾ!

• രണ്ടാമത്തെ ഗായകൻ
 ഒരുപക്ഷെ,യവനോമൽ‌പ്രണയസ്വപ്ന-
മോരോന്ന് കാണുകയായിരിക്കാം!

• ഒന്നാമത്തെ ഗായകൻ
 അവനിപ്പോളനുരാഗപരവശയാ-
മാരോമൽചന്ദ്രികയോടുകൂടി,
സുരഭിലനന്ദനവനികകളിൽ
സ്വൈരം വിഹരിക്കയായിരിക്കാം!
(പോകുന്നു)
(വനത്തിന്‍റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വിലാസലാലസയായി പ്രവേശിച്ച്, രംഗത്തിന്‍റെ മറുഭാഗത്ത് വനത്തിൽ അപ്രത്യക്ഷയാകുന്നു. പുറകേ ആദ്യത്തെ ഗായകസംഘം പ്രവേശിക്കുന്നു.)


• (ഗായകസംഘം ഒരുമിച്ച്)
 അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശിവീശി,
മദഭരതരളിതതനുലതയിൽ
മാന്തളിർപ്പൂമ്പട്ടുസാരി ചാർത്തി,
മഴമുകിലെതിരൊളിക്കുളിർകുഴലിൽ
മാലതീമാലിക ചേർത്തു ചൂടി,
വളരോളിത്തരിവളയണിഞ്ഞ കൈയിൽ
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി,
പവിഴകെഞ്ചൊടിത്തളിരകന്നൊരോമൽ-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി,
വനതലമിതിലണഞ്ഞധിവസിക്കും
വാസന്തദേവതയെന്നപോലെ,
എവിടേക്കാ,ണെവിടേക്കാണമിതമോദ-
മേകയായ്പ്പോവതു പൊൻ‌കതിരേ?
(പോകുന്നു)

(രണ്ടാമത്തെ ഗായകസംഘം)

• ഒന്നാമത്തെ ഗായകൻ
 അതു വെറുമൊരു സുഖസുഷുപ്തിയല്ല,
ചേതനാമൂർച്ഛതന്തൻ മാലയല്ല;
സകലതും മറന്നെങ്ങോ പറക്കുമേതോ
സായൂജ്യസം‌പ്രാപ്തിയായിരുന്നു!

• രണ്ടാമത്തെ ഗായകൻ
 അതിൻ പൊന്നുങ്കതിരുകളുതിർന്നുവീണൊ-
രാരവാലംചമച്ചുല്ലസിപ്പൂ!
അതിനുള്ളിലൊരു കൊച്ചുകുമിളപോലീ
ബ്രഹ്മാണ്ഡമൊട്ടുക്കൊതുങ്ങിനിൽപ്പൂ!
അതിനകത്തവൻ കാണ്മതവളെമാത്രം
മറ്റുള്ളതൊക്കെയുമെങ്ങുപോയി?

• മൂന്നാമത്തെ ഗായകൻ
 ചിറകില്ലാത്തൊരു പാറിപ്പറക്കലാണ-
ച്ചിന്തിച്ചിരിക്കാത്ത ഭാവഭേദം!

• ഒന്നാമത്തെ ഗായകൻ
 പൊടുന്നനെപ്പിടഞ്ഞാത്മാവുണർന്നു കൂവാൻ
പോവുമതെന്തിൻ പ്രഭാതവാതം?

• രണ്ടാമത്തെ ഗായകൻ
(അണിയറയിലേക്ക് സൂക്ഷിച്ചുനോക്കി)
 വിടർത്തുന്നിതവൻ-അല്ല, വിടർന്നുപോയി
വീണവായിച്ചുകൊണ്ടാ മിഴികൾ.

• മൂന്നാമത്തെ ഗായകൻ
 അവനിപ്പോളാ ലസൽ‌പ്രണയരംഗം
വെറുമൊരു കിനാവായിത്തോന്നിയേക്കാം.

• ഒന്നാമത്തെ ഗായകൻ
 അമരുന്നിതവനുടെ ശിരസ്സു, നോക്കൂ,
ആരോമലാളിൻ മടിത്തടത്തിൽ!

• രണ്ടാമത്തെ ഗായകൻ
 വിരലിനാലവൾ മാടിത്തെരുപ്പിടിപ്പൂ
പാറിപ്പറന്ന തൽക്കുന്തളങ്ങൾ!

• മൂന്നാമത്തെ ഗായകൻ
 ഒരു നേർത്ത പുളകപ്പൂമ്പുതപ്പിനുള്ളിൽ
ഓരോരോ കാവ്യപ്രചോദനങ്ങൾ
നുരയിട്ടു നുരയിട്ടു വരികയാകാം
നൂതനത്വത്തിൻ നിലാവു വീശി!

• ഒന്നാമത്തെ ഗായകൻ
 ഒതുങ്ങുന്നില്ലൊതുങ്ങുന്നില്ലുലകിലെങ്ങു-
മോളംതുളുമ്പുമവന്‍റെ ചിത്തം.

• രണ്ടാമത്തെ ഗായകൻ
 അതിനൊന്നു നിലനിൽക്കാനിനിയും വേണം
ആയിരമണ്ഡകടാഹങ്ങൾ.

• മൂന്നാമത്തെ ഗായകൻ
 അനവധി ചരിതങ്ങളവളോടോതാ-
നാശയില്ലായ്കയല്ലെ,ന്തുചെയ്യാം?
കഴിയുന്നില്ലവനൊന്നു ചിരിക്കാൻപോലും
നാനാവികാരസമ്മർദ്ദനത്താൽ!

• ഒന്നാമത്തെ ഗായകൻ
 ഒടുവി,‘ലെന്നോമനെ’,യെന്നുമാത്രം
ഓതിയവനൊന്നു നിശ്വസിപ്പൂ!

• രണ്ടാമത്തെ ഗായകൻ
 അറിഞ്ഞിടാതവനുടെ കരങ്ങൾ ചെന്നി-
ട്ടാ രാഗവല്ലിയെ ചുറ്റിടുന്നു.

(എല്ലാവരും ഒരുമിച്ച്)

ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം
ചെറുമലർക്കുടംതോറുമതിൻ മഹത്താം
ചേതോഹരത്വം നിറഞ്ഞുപോയി!
കുളിർപൂഞ്ചോലകൾതോറുമതിന്‍റെ ഗാനം
ചേലിലെന്നേക്കും പകർന്നുപോയി!
മലയില‌പ്രണയത്തിൻ പ്രശാന്തഭാവം
മാനം തൊടുമാറുയർന്നുപോയി!
മകരന്ദമധുരമാമതിൻ രഹസ്യം
മാരുതമന്ത്രത്തിലായിപ്പോയി!
ഇനി മറന്നിടുകയില്ലൊരിക്കലുമി-
ക്കാനനം കണ്ടൊരീ രാഗരംഗം!

രംഗം രണ്ട്

(ഒരൊറ്റയടിപ്പാത. അതിന്‍റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദർശനം കഴിഞ്ഞ് ഈറൻ‌മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടൽമഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളം‌കാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേൾക്കപ്പെടുന്നു.)

• ഭാനുമതി
 ചന്ദ്രികേ, സംഗീതദേവതയാമൊരു
ഗന്ധർവ്വനാണക്കൊച്ചാട്ടിടയൻ!
ഏവനും കണ്ടാൽക്കൊതിതോന്നുമാറൊരു
പൂവമ്പനാണക്കൊച്ചാട്ടിടയൻ!
അദ്ഭുതമില്ലെനിക്കല്പവും നീയവ-
നർപ്പണംചെയ്തതിൽ നിന്‍റെ ചിത്തം.

• ചന്ദ്രിക
 മത്സഖി, മാമകജീവിതാങ്കത്തിനൊ-
രുത്സവമാണക്കൊച്ചാട്ടിടയൻ
രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി-
ക്കാ മദനോപമൻ പോയിടുമ്പോൾ
എന്തൊരാനന്ദമാ,ണെന്തു നിർവ്വാണമാ-
ണന്തരംഗത്തിൽപ്പൊടിപ്പതെന്നോ!

• ഭാനുമതി
 ആവർത്തനോത്സുകമാ വേണുസംഗീത-
മാവിഷ്കരിക്കുന്നതേതുലോകം?

• ചന്ദ്രിക
 മർത്ത്യന്‍റെ നീതിതൻ മുള്ളുവേലിക്കക-
ത്തൊട്ടുമൊതുങ്ങാത്ത ദിവ്യരാഗം
കാണിച്ചിടുന്നോരപാരതയാണ,തിൽ-
ക്കാണില്ല കാമാന്ധകാരലേശം.

• ഭാനുമതി
 എങ്കിലുമുണ്ടതിനേതോ നിഗൂഡമാം
സങ്കടത്തിന്‍റെ മുഖാവരണം.

• ചന്ദ്രിക
 ശങ്കയെന്നുണ്ടൊരു പാഴ്നിഴലേതൊരു
മന്ദസ്മിതത്തേയും മൂടിവെയ്ക്കാൻ.

• ഭാനുമതി
 കുറ്റപ്പെടുത്തുവാനില്ലതിൽ;നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?

• ചന്ദ്രിക
 എങ്കിലുമൊന്നു ഞാൻ തീർത്തുചൊല്ലാ,മെന്‍റെ
സങ്കല്‍പമെന്നുമിതായിരിക്കും.
ബന്ധുജനങ്ങൾ മുഴുവനിപ്രേമ-
ബന്ധത്തിലെന്നോടെതിർത്തുനില്‍പൂ
പ്രാണന്‍റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണുപോലും!
പുല്ലാണെനിക്കിപ്പണ,മവൻ‌തൻ കൊച്ചു-
പുല്ലാങ്കുഴലുമായ് നോക്കിടുമ്പോൽ!

• ഭാനുമതി
 അപ്രേമസിദ്ധിക്കവകാശമോതുവാ-
നത്രയ്ക്കതിനോടടുത്തുവോ നീ?

• ചന്ദ്രിക
 സമ്പൂതമപ്രേമസിദ്ധിക്കു പച്ചില-
ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം;
വേണെങ്കിലാ രാഗവേദിയിൽ‌വെച്ചു മൽ-
പ്രാണനെക്കൂടി ഞാൻ സന്ത്യജിക്കാം;
എന്നാലു,മയ്യോ! മരക്കാനരുതെനി-
ക്കെന്നെ വാഴ്ത്തീടുമക്കോകിലത്തെ!
എൻ‌മുന്നിലർപ്പണംചെയ്യുകയാണതു
തന്നാത്മഗീതങ്ങളാകമാനം!
അർപ്പണംചെയ്യുകയാണവൻ ഞാനായ
‘നക്ഷത്ര’ത്തിന്നു തൻ ഗാന’ഹാരം’!
ആ വിശുദ്ധാദർശവാനേ ത്യജിക്കുവാ-
നാവതല്ലൊട്ടുമെനുക്കു, തോഴീ!

• ഭാനുമതി
 സംഭവചക്രമുരുണ്ടുരുണ്ടങ്ങനെ
സംവത്സരോജ്ജ്വലസ്യന്ദനങ്ങൾ
ഓരോന്നകന്നു മറയുമ്പോ,ളിപ്രേമ-
മാരിവില്ലും സ്വയം മാഞ്ഞുപോകാം!
കുറ്റപ്പെടുത്താനുമില്ലതിൽ, നാമൊക്കെ-
യെത്രയായാലും മനുഷ്യരല്ലേ?

• ചന്ദ്രിക
 എന്നാലുമെന്നെ നീയാവിധം ശങ്കിക്കേ-
ണ്ടെന്നും ഞാൻ ഞാൻതന്നെയായിരിക്കും.
നാകത്തിലാദിത്യദീപമൊരുപക്ഷേ,
നാളെപ്പൊടുന്നനെക്കെട്ടുപോകാം;
വറ്റിവരണ്ടുപോയേക്കാം സ്വയമതി-
രറ്റുകിടക്കും സമുദ്രമെലാം;
എന്നാലുമിപ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും!

• ഭാനുമതി
 ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി-
ലാകണമെന്നാണെനിക്കു മോഹം!
ചിത്രവർണ്ണോജ്ജ്വലപത്രസമ്പന്നമാം
ചിത്രപതംഗത്തിൻ ദർശനത്തിൽ
ചഞ്ചലോദ്വിഗ്നപ്രസൂനം ക്ഷണത്തില-
ച്ചഞ്ചരീകത്തെ മറന്നുപോകാം!
ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ;-
ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി!

• ചന്ദ്രിക
 മാമക ജീവിതമാകന്ദത്തോപ്പിലാ
മന്മഥ കോമളനല്ലാതാരും
തേൻപെയ്യും ഗാനം പൊഴിച്ചണയില്ലോരു
ദാമ്പത്യമാല്യവും കൈയിലേന്തി;
അപ്പുഷ്പ ബാണനോടൊന്നിച്ചു ചേർന്നിനി
മൽപ്രേമപ്പൂവല്ലി പൂത്തിടാവൂ!

• ഭാനുമതി
 നിന്നഭിലാഷം സഫലമായ്ത്തീരുവാ-
നെന്നുമർത്ഥിക്കുവോലാണയേ, ഞാൻ!
നിൻ പ്രേമസാമ്രാജ്യനാഥനായീടുവാൻ
സമ്പന്നനാണക്കൊച്ചാട്ടിടയൻ!

രംഗം മൂന്ന്

(ചന്ദ്രികയുടെ ഉദ്യാനം പൂവല്ലിപ്പടർപ്പുകളുടെ ഒരു മറവ്. നേരിയ ഒരു മൂടൽമഞ്ഞ്. ഹേമന്തത്തിലെ സുന്ദരമായ പൂനിലാവ്. സമയം അർദ്ധ രാത്രി.
ആകാശം നിറയെ നക്ഷത്രങ്ങൾ. ചന്ദ്രികയും രമണനും തൊട്ടു തൊട്ട് ഒരു ശിലാതലത്തിൽ ഇരിക്കുന്നു. രമണന്‍റെ ഇടതുകൈ ചന്ദ്രികയുടെ
തോളോടുതോൾ പുറകുവശത്തുകൂടി ചുറ്റിയിരിക്കുന്നു. രമണന്‍റെ വലതുകൈ തന്‍റെ ഇരുകരങ്ങളിലും എടുത്ത് ചന്ദ്രിക വിരലുകളെ
പ്രേമപാരവശ്യത്തോടെ താലോലിച്ചു കൊണ്ടിരിക്കുന്നു.)


• രമണൻ
 ചന്ദ്രികേ, പലപ്പോഴും പറയാറില്ലേ;ശുഭ്ര-
സുന്ദരസുമാകീർണ്ണമല്ലജീവിതമാർഗ്ഗം!
എൻചുറ്റുമെരിയുന്നൂ സന്തതമസൂയതൻ-
വഞ്ചനാവിഷപ്പുക വമിക്കുംതീജ്ജ്വാലകൾ!
പറ്റിയോരവസരം കാത്തുകാത്തിരിക്കുന്നു
കഷ്ടമിന്നവയെന്നെപ്പൊതിയാൻ, പൊള്ളിക്കുവാൻ!
എന്തു ഞാൻ ചയ്യും, നിന്‍റെ ജീവനുമതുപോലെ
നൊന്തുനൊന്തഹോരാത്രം മാഴ്കിക്കൊണ്ടിരിക്കുമ്പാൾ?

• ചന്ദ്രിക
 സാരമില്ലെൻ സന്താപ,മവിടുന്നതോർത്തശ്രു-
ധാരയിൽക്കുളിക്കൊല്ലേ,ഹൃദയം പുണ്ണാക്കൊല്ലേ!
സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള-
ദ്ദാമ്പത്യവാടിക്കുള്ളിൽ വിശ്രമിപ്പിക്കാനായി.
അഴലിൻ തീജ്ജ്വാലകളല്ലാതെ കാണ്മീല ഞാ-
നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങില്ലെന്നാകിൽ!
മറ്റൊരാൾക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്‍റെ
പട്ടടയവർ വേഗം കൂട്ടുകയല്ലേ ഭേദം?

• രമണൻ
 ഈവിധം നിശിതമാം വാക്കുകളത്തേനോലും
നാവിൽനിന്നുതിർന്നാലോ? നീയിദം ക്ഷോഭിച്ചാലോ?
വാത്സല്യനിധികളാമഗ്ഗുരുക്കൾതന്നേർക്കു
മൂർച്ചയുള്ളൊരുവാക്കുമെറിയാൻ പാടില്ലാ നീ!
നിസ്സാരൻ ഞാനെ,ൻകാര്യമെമ്മട്ടുമായിക്കോട്ടേ;
ചെറ്റുമപ്പിതാക്കളോടഹിതം ഭാവിക്കൊല്ലേ!
കനിവാർന്നിക്കാര്യത്തിൽ കണ്ണയയ്ക്കുവാൻമാത്രം
കഴിയുംവിധമെല്ലാം യാചിക്കാൻമാത്രം നോക്കു.
(ചന്ദ്രിക സാരിയുടെ ഉള്ളിൽ ഒളിച്ചുവച്ചിരുന്ന ഒരു മുല്ല മാല എടുത്തു നിവർത്തി സുസ്മേരവദനയായി രമണന്‍റെ കഴുത്തിൽ അണിയിക്കുന്നു.
അതേനിമിഷംതന്നെ കുറച്ചകലെയായി ഏതോ അപകടത്തിലകപ്പെട്ടപോലെ ഒരു പക്ഷിയുടെ ദയനീയരോദനം ക്ഷണനേരം അവിടെമുഴുവൻ
വ്യാപിക്കുന്നു. ആദ്യം രമണന്‍റെ മുഖം വികസിക്കയും രോദനം കേൾക്കുന്ന ഉടനെ ഏതോഒരവ്യക്തഭീതിയിൽ ആ വികാസശോണിമ നിശ്ശേഷം
അപ്രത്യക്ഷമായി, നിസ്തേജമായിത്തീരുകയും ചെയ്യുന്നു. രമണൻ ശിലാതലത്തിൽനിന്നു പിടച്ചെഴുന്നേൽക്കുന്നു; ഒപ്പം ചന്ദ്രികയും. രമണന്‍റെ
ശരീരം വിറയ്ക്കുന്നു. ചന്ദ്രിക അടുത്തുചെന്ന് രമണന്‍റെ കഴുത്തിൽ കൈചുറ്റി മുഖം മാറിൽചേർത്തു നിൽക്കുന്നു. അനന്തരം മുഖമുയർത്തി
പ്രസന്നതയോടെ-)


• ചന്ദ്രിക
 ആരെന്തും പറഞ്ഞോട്ടെ, ഞാനിതാസമർപ്പിച്ചു
ചാരുജീവിതമാല്യം മാമകം ഭവാനായി.
ഇനി ഞാനന്യന്‍റെയല്ലി,ല്ലാർക്കുമധികാര-
മിനിമേലെന്നിൽ-ഭക്തദാസിയായ്ബ്ഭവാനു ഞാൻ!
ഈ മലർമാല്യത്തിന്‍റെ സുഗന്ധം നമുക്കെഴും
പ്രേമത്തിൻ പരിശുദ്ധിയെമ്പാടും പരത്തുന്നു.
അങ്ങതാ നോക്കൂ, മുല്ലപ്പൂവൊളിനിലാവല്ലേ
തങ്ങിനിൽപ്പതുചുറ്റും, നമ്മുടെ ഹർഷം പോലെ?
രാക്കുയിൽ പാടിപ്പാടിയുറങ്ങീ, നക്ഷത്രങ്ങൾ
നോക്കിനിൽക്കുന്നൂ വാനിൽസാക്ഷിയായിതിനൊക്കെ
ഈ വിശ്വപ്രകൃതിതൻ പുണ്യക്ഷേത്രത്തിൽവെച്ചു
പാവനമാം ഗാന്ധർവ്വവിവാഹം നടത്തി നാം!
ഏതു സന്താപത്തിന്‍റെ നീങ്ങാത്തോരിരുളിലും
ജ്യോതിസ്സൊന്നെതിരേ നാം കണ്ടിടും വിടർന്നെന്നും!
ഈ മുഖം ദ്യോതിപ്പിക്കുംമ്മ്ലാനതമാത്രം കാണാൻ
ഹാ,മനസ്സിനു കരുത്തില്ലെനിക്കണുപോലും!
(നമ്രവദനനായി നിൽക്കുന്ന രമണന്‍റെ ശിരസ്സു
പിടിച്ച് ഉയർത്തിക്കൊണ്ട് ഒരപേക്ഷാസ്വരത്തിൽ)

ഒന്നെന്‍റെ നേരെനോക്കിച്ചിരിക്കൂ, കാണട്ടെ ഞാൻ
സുന്ദരാനനമിതു മേൽക്കുമേൽ വിളർത്താലോ!

• രമണൻ
 ചന്ദ്രികേ! മന്മാനസവീണയിലെഴും പ്രേമ-
തന്ത്രികേ,നീയിന്നെന്നെ മറ്റൊരാളാക്കിത്തീർത്തു.
ആയിരം ജന്മംകൊണ്ടു നേടുവാൻ കഴിയാവു-
ന്നാനന്ദമാർജ്ജിപ്പൂ ഞാനൊരുമാത്രതന്നുള്ളിൽ
അതുപോൽ പരകോടിജന്മത്താത്സഹിക്കേണ്ടും
ഹൃദയവ്യഥയെന്നെക്കാത്തുനിൽക്കൂന്നൂ ചാരേ.
ആയതിൻ മുഖം കാൺകെ വിറച്ചുപോകുന്നു ഞാ-
നാരോമലാളേ, പനീർപ്പൂന്തോട്ടമല്ലാ ലോകം!
ചലനം,ചലനം-ഹാ,മാത്രയ്ക്കുമാത്രയ്ക്കുണ്ടാം
ചലനം-പ്രപഞ്ചത്തെ മുന്നോട്ടുനയിക്കുന്നു.
അതിലെന്തെല്ലാം മാറ്റ,മെന്തെല്ലാം പരിണാമ -
ഗതിവൈചിത്യ്രം വന്നുകൂടിടാ,മാലോചിക്കൂ!
നിസ്സഹായന്മാർ, വെരുംപുഴുക്കൾ, മർത്യന്മാർ നാം
നിഷ്ഠൂരവിധിയോടുമല്ലിടാനശക്തന്മാർ!
നാമൊന്നു നിരൂപിക്കും, മറ്റൊന്നായ്ത്തീരും ഫലം;
നാമതുകണ്ടാർത്തരായ് നിഷ്ഫലം വിലപിക്കും,
ജീവിതമൊരു കടങ്കഥയാ,ണോർത്താലാർക്കു-
മാവില്ല ശരിയായൊരുത്തരം സ്ഥാപിക്കുവാൻ!
അശുഭാസിതഭാവിസൂചനയായിട്ടെനി-
ക്കകതാരിങ്കലെ,ന്തോ,തോന്നുകയാണാനാദം
മൽഗളത്തിലാ മലര്മാല വീണതും; ദുഃഖ-
മഗ്നമാ നാദം പുറപ്പെട്ടതുമൊന്നിച്ചല്ലേ?
എന്തുകൊണ്ടാവോ ഭാവിചിന്തയാൽ പ്രക്ഷുബ്ധമായ്
ഹന്ത, മന്മനമിതാ മേൽക്കുമേൽ തുടിക്കുന്നു!
കേൾപ്പൂ ഞാനന്തർന്നാദമൊന്നെന്നിലീ നാടകം
തീർച്ചയാണവസാനം രക്തത്തിലാണെന്നായി.
അശുഭത്തിലാണതിൻ പ്രാരംഭം; കലാശവു-
മശുഭത്തിങ്കലാവാന്തന്നെയാവണം യോഗം!
(വീണ്ടും ശിലാതലത്തിൽ ഇരിക്കുന്നു. ചന്ദ്രിക രമണന്‍റെ ഇരുകരങ്ങളും കൂട്ടിപ്പിടിച്ചുകൊണ്ട് അടുത്തിരുന്നിട്ട്)

• ചന്ദ്രിക
 മൂടൽമഞ്ഞിലാണ്ടെങ്ങോ, ദൂരത്തി,ലവ്യക്തമായ്
മൂളിക്കൊണ്ടിരിക്കുമബ്ഭാവിയെപ്പേർത്തും പേർത്തും
ചിന്തിച്ചു ചിന്തിച്ചോരോ നവമാം വിഷാദത്തി-
നെന്തിനു വിധേയമാക്കീടുന്നു വൃഥാ ചിത്തം?
വേണുനാദത്തിലിതു പൊതിയൂ; നവോന്മേഷ-
ശോണമാം ചായം തൊട്ടുമിനുക്കൂ പ്രജ്ഞാകേന്ദ്രം!
അശുഭം സൂചിപ്പിച്ചതായിരുന്നില്ലാപ്പക്ഷി
പിശുനപ്രകാശത്തിൻ നാന്ദിയോതിയതെന്ന്യേ.
അങ്ങയെത്താലോലിക്കാൻ കാത്തുകാത്തിരിക്കുന്നു-
ണ്ടന്തികത്തിങ്കൽത്തന്നെയാർദ്രയാം പുരോഗതി!
ഗാനസാമ്രാജ്യത്തിലെസ്സാർവ്വഭൗമനാമങ്ങ-
യ്ക്കാനന്ദം ചരാചരമൊക്കെയും വിളമ്പുമ്പോൾ,
അവിടുന്നസംതൃപ്തനാകുവാനണുപോലു-
മവകാശമില്ലേവ-മാശ്വസിക്കുവാൻ നോക്കൂ!
ഭഗ്നഭാഗ്യയാം ഞാനാം നീർപ്പോളമൂലം ഭവാ-
നഗ്നിപർവ്വതംചുമന്നെന്തിനു ദഹിക്കുന്നു?
ആസ്വസിക്കുവാൻ നോക്കൂ!-നമ്മളോമനിക്കുമി-
ശ്ശാശ്വതസ്നേഹം നൽകും നമുക്കു സർവ്വോത്കർഷം!

• രമണൻ
(ചന്ദ്രികയുടെ പുറത്തു തലോടിക്കൊണ്ട്)
 ധവളപ്രഭമാമിച്ചന്ദ്രികാസരിത്തിങ്ക-
ലിവിടം വെള്ളിച്ചാറു പൂശിക്കൊണ്ടിരിക്കിലും
അങ്ങോട്ടു, ദൂരത്തേക്കാ മഞ്ഞണിക്കുന്നും കാടും
തിങ്ങിടും രംഗത്തിലേക്കൊന്നു നീ കണ്ണോടിക്കൂ!
ആവൃതം തിമിരത്താലാകമാനമാ രംഗ-
മാവലിൻ ചിറകടിയൊച്ചയാൽ പ്രകമ്പിതം;
അതുപോ,ലിനിയെന്‍റെ ഭാവിയുമജ്ഞാതമാ-
മഴൽ തിങ്ങിടുമൊന്നാണി,ന്നു ഞാൻ ചിരിക്കിലും.
നിസ്തുലേ, നിന്നെക്കൊണ്ടെൻ ജീവിതം മധുരിച്ചാൽ
നിർദ്ദയപരിസരമതിനെച്ചവർപ്പിക്കും!
സമുദായമാം ബ്രഹ്മരക്ഷസ്സു പാഞ്ഞെത്തുന്നൂ
സരളസ്നേഹാർദ്രമാം ഹൃദയങ്ങൾക്കുപിൻപേ.
രക്ഷനേടുവാൻ മഹാവിഷമമസൂയതൻ-
പക്ഷിപീഡയിൽനിന്നു; ദുർബ്ബലമാശാപോതം!
എമ്മട്ടെങ്കിലുമാട്ടേ പരിണാമം ഞാൻ നിന്നെ-
യെന്നാത്മക്ഷേത്രത്തിങ്കലെന്നേക്കും പ്രതിഷ്ഠിച്ചു
ഞാനിതിൽ ദഹിക്കുവാനാണെങ്കിൽ ദഹിക്കട്ടെ,
ഗാനലോലുപേ, പരിത്യജിക്കില്ലീ രാഗം ഞാൻ.
അങ്ങതാ, കോഴി കൂകിത്തുടങ്ങി! പോകുന്നു ഞാ;-
നിങ്ങിനി നിൽക്കാന്മേല-വെളുക്കാറായീ നേരം.

• ചന്ദ്രിക
(എഴുന്നേൽക്കുന്ന രമണനെ വീണ്ടും പിടിച്ചിരുത്തിയിട്ട്)
 അതു 'പാതിരാക്കോഴി'യാണു; പേടിക്കാനില്ല;
പുതുപൂനിലാവസ്തമിച്ചിട്ടില്ലിതുവരെ.

• രമണൻ
 ഒന്നു നീ കിഴ്ക്കോട്ടു നോക്കുക, ദൂരെക്കാണും
കുന്നിന്‍റെ പിന്നിൽ ശോണച്ഛായകൾ പൊടിച്ചല്ലോ.

• ചന്ദ്രിക
 ചെങ്കനൽനക്ഷത്രത്തിൻ തങ്കരശ്മികൾ തട്ടി-
ത്തങ്കിയതാണാ വർണ്ണസങ്കരം കിഴക്കെല്ലാം.

• രമണൻ
 അല്ലല്ല, പുലർകാലകന്യതൻ കാശ്മീരാങ്കി-
തോല്ലസൽപദപത്മസംഗമദ്യുതിയത്രേ.

• ചന്ദ്രിക
 പുലരാനിനിയുണ്ടൊരാറുനാഴികകൂടി;-
പ്പുതുപൂനിലാവിതൊന്നസ്തമിച്ചോട്ടെ-പോകാം!

• രമണൻ
 ഞാനിങ്ങു നിന്നാൽ, നേരം വെളുത്താ,ലാരാനെന്നെ-
ക്കാണുവാനിടവന്നാൽ-നീയതൊന്നാലോചിക്കൂ!
നമ്മുടെ പരമാർത്ഥമാരറിഞ്ഞീടും-ഒരു
നിന്ദ്യമാം കഥയല്ലേ പരക്കുന്നതു നാളെ?
മിഥ്യാപവാദക്കൊടുങ്കാട്ടുതീയിലുംകൂടി-
ത്തപ്തമാനസം വീണ്ടും ഹോമിപ്പതെന്തിന്നായ് നാം
ഞാനിനിപ്പോട്ടെ; നേരം വെളുക്കാറായിപ്പോയി;
കാണുവാൻ നമുക്കിടയിനിയും ലഭിക്കില്ലേ?

• ചന്ദ്രിക
 പതിവില്ലാതിന്നിത്ര നേരത്തെ മനഃപ്പൂർവ്വം
ഹതകുക്കുടമേ, നീയെന്തിനു കൂവിപ്പോയി?
അതുകൊണ്ടല്ലേ പോകാൻ തിടുക്കം കൂട്ടുന്നതെൻ
ഹൃദയേശ്വരൻ-ഹാ! നീയിത്ര നിഷ്ഠൂരനാണോ?
ഒരു ചുംബനമാട്ടേ,പൊയ്ക്കോളൂ! കാണാം നമു-
ക്കൊരു രാത്രിയിൽക്കൂടിയല്പനാളുകൾക്കുള്ളിൽ-
നില്ക്കൂ,ഞാനൊരു കാര്യം പേർത്തുമൊന്നോതിക്കോട്ടെ;
കഷ്ടമാണിനിയുമിദ്ദുന്നമഗ്നമാം ഭാവം!
എന്നോടെള്ളോളം സ്നേഹമുണ്ടെങ്കിൽ ബ്ഭവാനിനി-
യെങ്കിലുമെന്നെയോർത്തു ഖേദിക്കാതിരിക്കണേ!
(രമണൻ പോകുന്നു)
(അണിയറയിൽ)

കഷ്ടമായി, നിന്നാശകളെല്ലാം
വ്യർത്ഥമാണിനി,ച്ചന്ദ്രികേ!
അസ്സുമുഖനാമാട്ടിടയനെ
വിസ്മരിക്കുവാൻ നോക്കു നീ!
തവകാമലാകാശത്തിലിതാ,
താവുന്നുണ്ടൊരു കാർമുകിൽ.
നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ-
ഹോത്സവത്തിൻ സമസ്തവും.

രംഗം നാല്

(അർദ്ധരാത്രി. ചന്ദ്രികയുടെ മണിയറ. മേശപ്പുറത്തൊരു മങ്ങിയ വിളക്കു കത്തുന്നു. അവളുടെ മുഖം വിഷാദസമ്പൂർണ്ണവും എന്നാൽ
പൈശാചികമായ ഒരു ഭാവത്തോടു കൂടിയതുമായിരിക്കുന്നു. വലതു കൈയിൽ ഒരു കഠാരി.)


• ചന്ദ്രിക
 നിർദ്ദയലോകമേ, സാധുവാമെന്നെ നീ
നിർദ്ദയമിട്ടിദം നീറ്റുന്നതെന്തിനോ?
ഹന്തയെന്നോടു നീയീവിധം കാട്ടുവാ-
നെന്തെന്തു സാഹസം നിന്നോടു കാട്ടി ഞാൻ?
നൊന്തുനൊന്തേവം കഴിക്കുവാനാണെങ്കി-
ലെന്തിനെനിക്കിദം ജീർണ്ണിച്ച ജീവിതം?

ഘോരകഠാരമേ, മൽക്കരളിങ്കലെ-
ച്ചോരയ്ക്കുവേണ്ടിപ്പുളയുകയല്ലല്ലി നീ
അൽപവുംകൂടിക്ഷമിക്കു, നിൻ തൃഷ്ണയെ-
ത്തൃപ്തിപ്പെടുത്താനൊരുങ്ങുകയായി ഞാൻ!

അച്ഛനുമമ്മയും മാമകജീവിത-
പ്പിച്ചകപ്പൂമാലയെന്നേക്കുമായിതാ,
നാണയക്കാട്ടിലുള്ളേതോ കുരങ്ങിനു
കാണിക്കവെയ്ക്കാനൊരുങ്ങിക്കഴിഞ്ഞുപോയ്!
പുത്രിവത്സല്യം നിറഞ്ഞുതുളുമ്പുമ-
ച്ചിത്തങ്ങൾ കാൺകെ, തളർന്നുപോകുന്നു ഞാൻ!
അമ്മയെൻ കാലുപിടിച്ചപേക്ഷിക്കുന്നു
പിന്നെയുംപിന്നെയു-മെന്തുചെയ്യട്ടെ ഞാൻ?
ഒന്നുകിൽ മാതാപിതാക്കളെക്കൈവെടി-
ഞ്ഞെന്നനുരാഗം പുലർത്തുവാൻ നോക്കണം;
അല്ലെങ്കിലിന്നുമുതൽക്കു ഞാനാക്കൊച്ചു-
പുല്ലാങ്കുഴലിനെപ്പാടേ മറക്കണം-
അച്ഛനുമമ്മയും കാട്ടുമാ ദാമ്പത്യ
മുൾച്ചെടിക്കാട്ടിലലഞ്ഞുതളരണം-
ഭാവനാഗാനമധുരമായുള്ളോരു
ജീവിതം തന്നെ മറക്കുവാൻ നോക്കണം.
എന്തു ഞാൻ ചെയ്യും?-മതി, മതി നീയെന്‍റെ
ചിന്തേ, വിടൂ,വിടൂ...പൊള്ളുന്നു...പോട്ടെ ഞാൻ!

സമ്പൂതമാം മനം നീഹാരസാന്ദ്രമാം
ചെമ്പനിനീരലർപോലത്ര മോഹനം!
തിങ്ങിത്തുളുമ്പുന്നതുണ്ടതിൽ, വറ്റാത്ത
മംഗളരാഗമധുരപരിമളം.
അസ്വർഗ്ഗസൗരഭാസ്വാദനത്തെപോലൊ-
രുത്സവം മറ്റെനിക്കെന്തുണ്ടു ഭൂമിയിൽ?
ഒന്നോടവയൊക്കെ,യേതോ കടങ്കഥ-
യെന്നപോൽ,വിസ്മൃതി മൂടിക്കളകയോ?
എന്നിലൊട്ടിപ്പിടിച്ചീടിനോരാ ജീവ-
നെന്നേക്കുമായിപ്പറിച്ചുകളകയോ?
ഏതാദൃശം ഞാൻ പ്രവർത്തിക്കിലെന്തൊരു
പാതക കർമ്മമായ്ത്തീരുമതൂഴിയിൽ!
ലോകം മുഴുവൻ പഴിക്കുന്നു, കഷ്ടമീ
രാഗകഥകൾ കേട്ടാ നിഷ്ക്കളങ്കനെ
ആരറിയുന്നു പരമാർത്ഥതത്ത്വങ്ങ,-
ളാരവയല്ലെങ്കിലാരാഞ്ഞിടുന്നു ഹാ!
ഞാനല്ലി, കഷ്ട,മീ നാശഗർത്തത്തിലേ-
ക്കാനയിച്ചേവം ചതിപ്പതസ്സാധുവെ?
എത്രയോഴിഞ്ഞകന്നീടുവാൻ നോക്കിയി-
ല്ലുത്തമാദർശസ്വരൂപിയാമപ്പുമാൻ!
പാരിലിത്തിക്കൺനിയായി നിന്നാപ്പൂത്ത
പാരിജാതത്തെക്കരിച്ചു കളഞ്ഞു ഞാൻ!
എന്നിട്ടുമാരുമാരോപിപ്പതില്ലയി-
ന്നെന്നിലൊരൽപമപരാധമെങ്കിലും!
തെറ്റിദ്ധരിക്കുവാൻ മാത്രമറിയുന്ന
നിഷ്ഠൂരനിന്ദ്യനിശിതപ്രപഞ്ചമേ,
അക്കൊച്ചുവേണുഗാപാലനിൽ സർവ്വത്ര
കുറ്റവും വെച്ചു വിധിയെഴുതുന്നു നീ!
നീയും നനഞ്ഞ നിൻ നീതിയും! പോ, നിന്‍റെ
ന്യായവാദങ്ങൾതൻ ജൽപ്പനക്കെട്ടുമായ്!
ഇല്ല,നീ നന്നാവുകയില്ലൊരു നാളിലും;
പുല്ലുപോൽ നിന്നെയവഗണിക്കുന്നു ഞാൻ.
* * *
എന്തെ,ന്‍റെ കൈയിൽക്കുഠാരമോ-ചെന്നിണം
ചിന്തുവാൻ വെമ്പിക്കിതയ്ക്കും കുഠാരമോ?
ഞാനാത്മഹത്യയ്ക്കു പോകയോ?-ജീവിതം
ഞാനിതിൻ കൂർത്ത മുനയ്ക്കിരയാക്കയോ?
മത്സുന്നം, മജ്ജയം, മാമകാസ്വാദനം,
മത്സൗകുമാര്യം, മമോജ്ജ്വലയൗവനം,
മൽപ്രേമ,മീ മനസ്പന്ദനം, മാമക-
സ്വപ്ന,മാസ്വാദനം, മോഹം, മനോന്മദം,
സർവ്വം-സമസ്തവും-കഷ്ടം ! ഞൊടിക്കുള്ളി-
ലുർവ്വിയിൽ മങ്ങിപ്പൊലിഞ്ഞു മറകയോ!
എന്‍റെയെന്നുള്ളതന്നിലം വിറങ്ങലി-
ച്ചെന്തിവിടത്തിൽ ദ്രവിച്ചു നശിക്കയോ?
പച്ചപുതച്ചൊരിക്കാടും മലകളും
കൊച്ചുകൊച്ചോളങ്ങൾ പാടും പുഴകളും
ഇക്കുളിർപ്പൂങ്കുലച്ചാർത്തും, കിളികളും
ചിത്രശലഭങ്ങൾ മൂളും തൊടികളും
എല്ലാം-സസ്തവും-വിട്ടുപിരിഞ്ഞു ഞാൻ
കല്ലറയ്ക്കുള്ളിൽ ദ്രവിക്കുവാൻ പോകയോ?
ഇല്ലില്ല-ജീവിതം, ജീവിതം! ഇന്നതിൻ
ഫുല്ലപ്രകാശം തെളിഞ്ഞുകാണുന്നു ഞാൻ.
ദുഷ്ട കുഠാരമേ, ദൂരത്തു പോക നീ;
ഞെട്ടുന്നു നിന്‍റെ മുഖത്തു നോക്കുമ്പോൾ ഞാൻ.
(കഠാരി വലിച്ചെറിയുന്നു. അത് 'ഘിണം'എന്ന
ഒരു ശബ്ദത്തോടെ നിലം പതിക്കുന്നു.)
(ഒരു ദീർഘനിശ്വാസത്തോടെ)


പാടെ തിരശ്ശീല വീണു ഹാ, മൽപ്രേമ-
നാടകം തീർന്നു-ജയിച്ചു, ജയിച്ചു, ഞാൻ!
ജീവിതം! ജീവിതം!-തേനിനെപ്പോലുള്ള
ജീവിതം! ഹാ ഹാ! കിതയ്ക്കുന്നു മന്മനം!
ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;
ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-
ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!
പോവുക, നീയജപാലക, ഗായക,
ഭാവിയിലേക്കു നിന്നോടക്കുഴലുമായ്!
എന്നെ നീ പാടേ മറന്നേക്കു, ലോകത്തി-
ലിന്നുമുതൽ നിന്നനുജത്തിയാണു ഞാൻ!

എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
എന്നുമിതിന്‍റെ ലഹരിയിലാനന്ദ-
തുന്ദിലമെന്മനം മൂളിപ്പറക്കണം!
കണ്ണീർനിറഞ്ഞ നിൻ പിഞ്ചുമനസ്സുമാ-
യെന്മുന്നിൽനിന്നൊന്നു വേർപെട്ടുപോകണേ!
എല്ലാം മറന്നേക്കു-മേലിൽ നാമന്യരാ-
ണെല്ലാം കഴിഞ്ഞു-സ്വതന്ത്രയായ്ത്തീർന്നു ഞാൻ.
അങ്ങതാ, ദൂരത്തിലല്ലാതെ കാണ്മൂ ഞാൻ
മഗളകല്യാണമണ്ഡപം മാമകം!
ആസ്വാദനങ്ങളേ, നിങ്ങളെക്കേവല-
മാശ്രയിച്ചീടിനോരിബ്ഭക്ത ദാസിയെ
വിശ്രമിപ്പിക്കൂ, ദയവാർന്നു നിങ്ങൾതൻ-
വിദ്രുമമഞ്ചത്തിലൊന്നിനിയെങ്കിലും!
ഇത്രനാൾ നിർമ്മിച്ച സങ്കൽപമൊക്കെയും
മുഗ്ദ്ധയാഥാർത്ഥ്യത്തിലെത്തിക്കസസ്പൃഹം!
ഇന്നോളമുള്ളെൻ സമസ്താപരാധവു-
മൊന്നൊഴിയാതെ പൊറുക്കൂ, സഹോദരാ!
നമ്മൾക്കു രണ്ടു വഴിയായിവിടെവെ-
ച്ചെന്നേക്കുമായിപ്പിരിയാം സുമംഗളം.

രംഗം അഞ്ച്

(ചന്ദ്രികയുടെ മണിയറ. അവൾ ഒരു ചാരുകസേരയിൽ ഒരു പുസ്തകവും വായിച്ചുകൊണ്ട് കിടക്കുന്നു. തൊട്ടുവലത്തുവശത്ത് ഒരു
വട്ടമേശ. അരികിൽ കൈയുള്ള ഒരിരുപ്പുകസേര. അതിൽ ഭാണുമതി ഇരുക്കുന്നു. സമയം വൈകുന്നേരം മൂന്നുമണി. ഒരു ഭൃത്യ
പ്രവേശിച്ച് മേശപ്പുറത്തുനിന്ന് ഒഴിഞ്ഞ കാപ്പിപ്പാത്രങ്ങൾ എടുത്തുകൊണ്ടു പോകുന്നു.)


• ഭാനുമതി
 എന്തു നീയിനി ചൊൽകിലും ഘോരമാം
വഞ്ചനയാണിച്ചെയ്തതു, ചന്ദ്രികേ!
കഷ്ടമൊന്നു നീ യോർത്തുനോക്കീടുക-
ക്കൊച്ചിടയന്‍റെ മേലിലെജ്ജീവിതം!
നിന്നെയോർത്തൊർത്തൊരുത്കടസങ്കടം
വിങ്ങിമാഴ്കുമപ്പിഞ്ചുമനസ്സിനെ,
നിഷ്ഠൂരമായ് നിനക്കിപ്പോളീവിധം
ചുട്ടെരിക്കുവാൻ തോന്നിയതെങ്ങനെ?

• ചന്ദ്രിക
 അല്ല, തോഴി, നീ ചിന്തിച്ചിടും വിധ-
മല്ലണഞ്ഞ തിച്ചിത്തരൂപാന്തരം.
അറ്റകുറ്റങ്ങളെന്തു നീ ചൊല്ലിലും
തെറ്റുകാരിയല്ലൊട്ടുമതിങ്കൽ ഞാൻ.
തീയെരിയുകയാണകക്കാമ്പില-
ഗ്ഗായകനെ ത്യജിച്ചതോർക്കുമ്പോൾ മേ!
എങ്കിലും പ്രിയമാതാപിതാക്കളോ-
ടെൻ കടമയെന്തെന്നു ചിന്തിക്ക നീ.
പുത്രിവത്സലരാമഗ്ഗുരുക്കളെ-
ദ്ധിക്കരിക്കുകിലാ മഹാപാതകം
എന്നു തീരുവാൻ-ഇല്ലതിന്നെന്തൊക്കെ
വന്നിടുകിലും ചെയ്യുകയില്ല ഞാൻ
ഹാ,വിധിയാണിതാകട്ടെ-സർവ്വവും
ജീവിതത്തിൽ സഹിച്ചുകൊള്ളാമിവൾ.

• ഭാനുമതി
 എന്നിരിക്കിലുംപാതകംതന്നെയാ-
ണിന്നു നീയിദം ചെയ്വതും, ചന്ദ്രികേ!
ആദ്യമൊക്കെ നിൻ പ്രേരണയിങ്കൽനി-
ന്നാത്തധീരമൊഴിഞ്ഞവനാണവൻ;
പിന്നെ നീതന്നെയാണവനെ സ്വയം
നിന്നിലേക്കു ബന്ധിക്കുവാൻ കാരണം.
ദൂരദൂരത്തൊഴിഞ്ഞുപൊയ്പ്പോയൊരു
ചാരുവാകും സുവർണ്ണമരീചിയെ
മന്ദമന്ദമടുപ്പിച്ചൊ,ടുവിലീ
വൻതിമിരത്തിലാഴ്ത്തുകല്ലല്ലി നീ?
അന്നു നാനാശപഥവചസ്സുകൾ
ചൊന്നുനീ നിൻദൃഢത കാണിക്കവേ,
ഓതിയില്ലയോ കാലക്രമത്തില-
സ്ഫീതരാഗവും മാഞ്ഞീടുമെന്നു ഞാൻ?
അന്നു നീ വിശ്വസിച്ചില്ലതൊന്നുമേ-
മന്നിലെന്നാൽപ്പതിവാണിതു, സഖീ!

• ചന്ദ്രിക
 എന്തു ചെയ്യാം?-മനുഷ്യരല്ലേ-പല
ബന്ധമല്ലേ-വിധിയൊഴിക്കാവതോ?

• ഭാനുമതി
 നന്നു-ഞാനും പറഞ്ഞതിതൊക്കെയാ-
ണന്നു-സുസ്ഥിരപ്രേമമില്ലൂഴിയിൽ!
കേവലമൊരു താത്കാലികഭ്രമം-
പൂവുപോലുള്ളൊരോമനക്കൗതുകം-
മാനസത്തെ മധുരീകരിപ്പൊരു
ഗാനസാന്ദ്രപ്രചോദനാമേളനം-
നാമതിനെ പ്രണയമെന്നായ്ഗ്ഗണി-
ച്ചോമനിപ്പാനൊരുങ്ങുകമാത്രമാം!
തെല്ലുനാളുകഴിയുകിലാ മഴ-
വില്ലുമങ്ങനെ മങ്ങിമറഞ്ഞുപോം!
ചുറ്റുപാടും നാം കണ്ടുവരുന്നൊരു
സത്യമാണിതു സംശയിക്കേണ്ട നീ.
മന്നിലുള്ള മറ്റേവരെപ്പോലെയും-
തന്നെയാണയേ നീയും, സഹോദരി!
അദ്ഭുതമില്ലെനിക്കു, നിൻചിത്തത്തി-
നിത്തരം വ്യതിയാനമുണ്ടായതിൽ.
എങ്കിലുമെന്തുകൊണ്ടോ,സ്വയമൊരു
ശങ്കയെപ്പുലർത്തുന്നു മന്മാനസം.
കേവലം മറ്റു മർത്ത്യരെപ്പോലൊരു
ജീവിയാണെന്നു തോന്നുന്നതില്ലവൻ;
ഇപ്പരിണാമദുഃഖം സഹിക്കുവാ-
നുൾക്കരുത്തു കാണില്ലവനേതുമേ!
സംഭവങ്ങൾ വരുവതെന്തൊക്കെയോ!
സംഭ്രമിപ്പൂ,ഹാ,മന്മനം ഭീതിയാൽ!

• ചന്ദ്രിക
 എന്തു വന്നിടാൻ?-എന്നെയൊരു നീച-
ജന്തുവെപ്പോൽ വെറുക്കുമഗ്ഗായകൻ.

• ഭാനുമതി
 എങ്കിൽ നന്നായിരുന്നു-പക്ഷേ, ലവം
പങ്കിലമാവുകില്ലയാ മാനസം.
ഘോരസന്താപവഹ്നിയിൽപ്പെട്ടതു
നീറി നീറിയാ സ്പന്ദനം നിലയ്ക്കിലോ?

• ചന്ദ്രിക
 എന്തിനാണീ യശുഭപ്രതീക്ഷയും
ശങ്കയും?-വരില്ലൊന്നുമപകടം!
എന്നെ മേലിലൊരു പൊന്നനുജത്തി-
യെന്നപോലവൻ സ്നേഹിച്ചിടുമിനി!

• ഭാനുമതി
 ആർക്കറിയാം?-മനുഷ്യരല്ലേ-മനം
തീക്കനലിനെപ്പുൽകിടുമെത്രനാൾ?
കഷ്ട,മൊന്നും വരാതിരിക്കട്ടെ-ഞാ-
നത്രയല്ലാതിതിലെന്തു ചൊല്ലുവാൻ?
കനലൊളി ചൊരിഞ്ഞൊരാ വേനൽ പോയിക്കൊടും-

• ഗായകസംഘം
കരിമുകിലിനാലതാ,മൂടുന്നു വാനിടം !
പ്രണയമയസുന്ദരസ്വപ്നങ്ങൾ മാഞ്ഞതാ,
വ്രണിതഹൃദയത്തിൽപ്പൊടിപ്പൂ നിരാശകൾ!
പരിമൃദുലസുസ്മിതപ്പൂക്കൾ കൊഴിഞ്ഞതാ,
പരവശത നിർമ്മിപ്പു ബാഷ്പകുടീരകം!
ഒരു ഭയദരൂപന്തരാഗമ, മാർത്തിത-
ന്നിരുളടയുമാറതാ, മൂടുന്നു ജീവിതം!
ഭുവനമിതു മായികം, ചഞ്ചലം; വ്യർത്ഥമാ-
ണിവിടെയൊരു സുസ്ഥിരാത്മാനുരാഗവ്രതം!
അയി രമണ, വഞ്ചിതനായി നീ; താവക-
പ്രിയരജതതാരകം നിന്നെപ്പിരികയായ്!
ഉലകിതിൽ നിരാശയ്ക്കു പാത്രമായ് ത്തീർന്നു നീ
ഫലരഹിതമായി നിന്നാദർശ ജീവിതം.

രംഗം ആറ്

(വനത്തിന്‍റെ ഒരുഭാഗം. സമയം മദ്ധ്യാഹ്നം മദനൻ ചിന്താവിഷ്ടനായി ഒരു കുന്നിന്‍റെ ചെരുവിൽ കിടക്കുന്നു. ശോകാർദ്രമായ
ഒരു വേണുഗാനം കേട്ട് അവൻ പിടഞ്ഞെഴുന്നേൽക്കുന്നു. അവന്‍റെ മുഖം പെട്ടെന്നു വിളറുന്നു. ഗാനം അധികമായി
വരുന്തോറും അതിലെ വികാരങ്ങൾക്കനുസരിച്ച് പല ഭാവഭേദങ്ങളും മദനന്‍റെ മുഖത്തു പ്രത്യക്ഷപ്പെടുന്നു.)

         (അണിയറയിൽ)

• ഗാനം
 ലോകാപവാദത്തിൻ മുന്നിൽ,നിൽക്കും
മൂകാനുരാഗമേ, നിന്നിൽ
ഒട്ടിപ്പിടിച്ചെന്‍റെ ചിത്തം നിത്യം
പൊട്ടിക്കരയുന്നു, കഷ്ടം !
നീയൊരു ശാദ്വലമാണെ,ന്നോർത്തു
ഞാനയ്യോ! നിന്നെത്തിരഞ്ഞു
നേർക്കടുത്തെത്തിയനേരം-എന്തു
തീക്കനൽക്കട്ടയോ നീയും?
എന്നെ നീയിട്ടു പൊരിക്കും, അയ്യോ!
നിന്നിൽ ഞാൻ പൊള്ളി മരിക്കും!
കാലമതിന്നൊക്കെ മാറി, കരി-
ങ്കാർകൊണ്ടൽ വന്നിതാ, കേറി
വെൺകളിവീശൽ കഴിഞ്ഞു കണ്ട
തങ്കക്കിനാവൊക്കെ മാഞ്ഞൂ!
നീ,ലോകമേ,സത്യമാണോ?-നിന്‍റെ
നീതിയുമിമ്മട്ടിലാണോ?
നിന്നെ ഞാൻ വിശ്വസിച്ചല്ലോ,കഷ്ടം !
നിന്മനമെന്തൊരു കല്ലോ?
ആശകളെല്ലാം പൊലിഞ്ഞു,നീണ്ടൊ-
രാശങ്കയായിക്കഴിഞ്ഞു!
                * * *
വെള്ളിനക്ഷത്രമേ, നിന്നെ, നോക്കി-
ത്തുള്ളിത്തുളുമ്പുകയെന്യേ,
മാമകചിത്തത്തിലന്നും, ഇല്ല
മാദകവ്യാമോഹമൊന്നും.
നിന്നനുരാഗാങ്കുരങ്ങൾ,പൂത്ത
നന്ദനപ്പൂങ്കാവനങ്ങൾ
ഒന്നൊഴിയാടെ ഞാൻ തേടി, നിന്നെ
വർണ്ണിച്ചു വർണ്ണിച്ചു പാടി!
വിശ്വപ്രകൃതിതൻ മുന്നിൽ, ഭദ്ര-
വിശ്വാസദീപത്തിൻ മുന്നിൽ,
നക്ഷത്രപ്പന്തലിൻ കീഴിൽ, നല്ലോ-
രക്ഷയ തേജസ്സിൻ കീഴിൽ,
എൻഗളത്തിങ്കൽ നീ ചാർത്തീ, അന്നാ
മംഗളമല്ലികാമാല്യം.
നമ്മൾ തുറന്നിതാ രാവിൽ, ചിത്ത-
മംഗളശ്രീമണിക്കോവിൽ!
അന്നാ മുഹൂർത്തത്തിൽ നമ്മിൽ, നമ്മെ-
ളന്യോന്യം നമ്മളെക്കണ്ടു!
ത്യാഗാന്മുഖമായി നിൽക്കും രണ്ടു
രാഗാന്മദങ്ങളെക്കണ്ടു!
ശർമ്മദശ്രീമയാകു,മേതോ
കർമ്മബന്ധങ്ങളെക്കണ്ടു!
ജന്മാന്തരങ്ങളിലുള്ളോ,രേതോ
നർമ്മസല്ലാപങ്ങൾ കണ്ടു!
നമ്മളതു കണ്ട നേരം, അന്നു
നമ്മളെത്തന്നെ മറന്നു.
അദ്ദിവ്യവിസ്മൃതിയെത്താൻ,പിന്നീ-
ടെത്രമാത്രം ഞാൻ കൊതിച്ചു!
വന്നവഴിക്കതു പോയി, ഞാനും
കണ്ണീരും, ഹാ, ബാക്കിയായി!
അക്കൊച്ചുപൂമാലയോരോ,നവ-
സ്വർഗ്ഗകവാടം തുറക്കേ,
മുൻപുപിൻപെന്നു നോക്കാതെ, വേഗം
വെമ്പി ഞാനെങ്ങോ പറന്നു!
എന്മനതാരിനോടൊപ്പം, പിറ്റെ-
ന്നമ്മലർമാലയും വാടി;
ഇന്നതോർക്കുമ്പൊഴേക്കും,അയ്യോ!
മന്മനം നീറുന്നു, ദേവീ!
എത്ര നിസ്സാരമാണോർത്താൽ, കഷ്ടം !
മർത്ത്യന്‍റെ മായികജന്മം!
എന്തിന്മേൽപ്പറ്റിപ്പിടിക്കാം?-മന്നി-
ലെന്തിനെവിശ്വസിച്ചീടാം?
കണ്ണീർക്കണികകൾ മാത്രം,തിങ്ങു-
മിന്നെന്‍റെ യാചനാപാത്രം
പോട്ടിക്കുവാനിതാ, ദേവി, നോക്കു,
തട്ടിപ്പറിക്കുന്നു ഭാവി.
ഏഴയാം ഞാനതിനേവം, ചെന്നു
കീഴടങ്ങാനാണു ഭാവം.
ഇത്തുച്ഛജീവിതസ്മേരം മായാ-
നത്രമേലില്ലിനി നേരം.
വിസ്തൃതഭാഗ്യത്തണലിൽ എന്നെ
വിസ്മരിച്ചേക്കു നീ മേലിൽ.
എന്മൂകഗീതവും ഞാനും,പോട്ടെ!
നന്നായ് വരട്ടെ ജഗത്തേ!
എന്നെ നിനക്കിനി വേണ്ടാ, മേലി
ലെന്നെ നീയോർമ്മിച്ചിടേണ്ട,
കൃത്യാന്തരങ്ങൾക്കിടയിൽ, ഞാനാം
കൊച്ചുനീർപ്പോളതൻ കാര്യം,
അല്ലെങ്കിൽത്തന്നെയൊന്നോർക്കാൻ,നിന-
ക്കില്ലല്ലോ തെല്ലും സമയം.
ഞാനൊരധഃകൃതനല്ലേ?-മമ
സ്ഥാനവും നിസ്സാരമല്ലേ?
ലോകമേ, യാത്രചൊല്ലുന്നേ,നെന്‍റെ
മൂകസംഗീതവും ഞാനും!
(മദനന്‍റെ മുഖം നിശ്ശേഷം രക്തശൂന്യമായിരിക്കുന്നു. അസ്വസ്ഥതയോ ടെ അവൻ ആ മരച്ചുവട്ടിൽ പൊങ്ങിനിന്ന ഒരു
വേരിന്മേൽ, തല യ്ക്കു കൈയുംകൊടുത്തു ചിന്താമഗ്നനായി കുറച്ചുനേരം ചാരിയിരി ക്കുന്നു. അല്‍പം കഴിഞ്ഞ് ഒരു
ദീർഘനിശ്വാസത്തോടെ നിവർന്നിരിക്കുന്നു.)


• മദനൻ
(വ്യാകുലസ്വരത്തിൽ)
 കാടിനകത്തിപ്പോളെങ്ങുനിന്നീ-
യോടക്കുഴൽവിളിയുദ്ഭവിപ്പൂ?
ഇത്രനാൾ കേട്ടപോലല്ലയല്ലോ
പുത്തനായുള്ളൊരിപ്രേമഗാനം.
ശങ്കിച്ചിരിക്കാതെവിടെനിന്നി-
സ്സങ്കടമിന്നിതിൽ വന്നുചെർന്നു?
സ്പഷ്ടമായിക്കാണുന്നു ഞാനിതിങ്കൽ-
ദ്ദഗ്ദ്ധാനുരാഗത്തിൻ ഗദ്ഗദങ്ങൾ
എന്തിനുവേണ്ടിയുദിച്ചതാണി-
ച്ചിന്തിച്ചിരിക്കാഞ്ഞ മാറ്റമാവോ!
ദിവ്യസംഗീതമേ, സുന്ദരമേ,
നിർവൃതിയാണു നീ വിസ്മയമേ!
പ്രേമവിശാലമേ, നിന്നിൽമുങ്ങി-
ക്കോള്മയിർക്കൊള്ളട്ടെ ലോകമെന്നും!
നിന്മണിവേണുവിൽനിന്നുതിരും
നിർമ്മലരാഗസംഗീതസാരം
ആശ്വസിപ്പിക്കട്ടെ മന്നിലെന്നു-
മാത്മക്ഷതത്തിന്‍റെ വേദനയെ!
നീ മറഞ്ഞാലും തിരയടിക്കും,
നീലക്കുയിലേ നിൻ ഗാനമെന്നും.
ഇങ്ങിതാ,മന്ദം വരികയാണ-
സ്സംഗീതസാമ്രാജ്യസാർവ്വഭൗമൻ.
ആ മുഖമയ്യോ! വിളർത്തു കാൺമ്മൂ-
കോമളമേ, നിനക്കെന്തുപറ്റി?
മേൽക്കുമേൽ നിന്നുള്ളിലിന്നൊരേതോ
തീക്കടലോളമടിക്കയല്ലേ?
നിർമ്മലമാനസാ, നീ ചരിക്കും
സ്യന്ദനമേതു വിഷാദ മേഘം?
ഇസ്സങ്കടം കണ്ടു മാഴ്കയെന്യേ
നിസ്സാരജീവി ഞാനെന്തുചെയ്യാൻ?
(രമണൻ പ്രവേശിക്കുന്നു. വിളർത്തു ക്ഷീണിച്ച്, വ്യസനച്ഛായ പരന്ന മുഖം. മദനനെ കണ്ടമാത്രയിൽ മുഖഭാവം മാറ്റുവാൻ
കഴിയുന്നിടത്തോളം ശ്രമിക്കുന്നു. ഒരു നേരിയ പുഞ്ചിരി)


• മദനൻ
(അതേ പുഞ്ചിരിയോടുകൂടി)
 നട്ടുച്ചനേരത്തെരിവെയില-
ത്തൊറ്റയ്ക്കിതുവരെ യെങ്ങുപോയി?

• രമണൻ
 വെള്ളാരം കുന്നിന്‍റെ താഴ്വരയിൽ
വെള്ളിലക്കാട്ടിൽ ക്കിടന്നുറങ്ങി.

• മദനൻ
 അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി-
ശ്ശർക്കരമാമ്പഴം വീണുകിട്ടി;
ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-
ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!

• രമണൻ
 നേരാണു കേട്ടോ പതിവിലുമി-
ന്നേറെനേരം ഞാനുറങ്ങിപ്പോയി!

• മദനൻ
 ഒട്ടുനാളായി നീ കാട്ടിൽ വന്നാ-
ലോറ്റതിരിഞ്ഞു നടപ്പതെന്തേ?

• രമണൻ
 നാനാവിചിന്തകൾകൊണ്ടു പൊള്ളും
പ്രാണന്‍റെ നീണ്ട ഞെരക്കമെല്ലാം
ഏകാന്തതയിലലിഞ്ഞുചേർന്നാൽ
ലോകമറിയാതിരിക്കുമല്ലോ!

• മദനൻ
 കഷ്ടം സഹോദര, നിൻഹൃദന്തം
ചുട്ടുനീറ്റുന്നതേതഗ്നികുണ്ഡം?
തെല്ലുനാൾകൊണ്ടിക്കൊഴുത്ത ഗാത്രം
എല്ലും തൊലിയുമായ്ത്തീർന്നുവല്ലോ!
ആകസ്മികമായ് നിനക്കു നേരി-
ട്ടാകുലമെന്തെ,ന്നെന്നോടോതണേ നീ.

• രമണൻ
 അയ്യോ! മദന, മൽച്ചുറ്റുപാടും
തീയാണു, തീയാണടുത്തുകൂടാ!
പൊള്ളുന്നു ജീവനെനിക്കു; ഞാനീ-
യല്ലലിൽ നീറിദ്ദഹിച്ചു പോകും!
വിട്ടുമാറാത്തൊരിച്ചിന്തയെന്‍റെ
പട്ടടകൂട്ടുവാനായിരിക്കും.
നിർണ്ണയമിന്നീ നിരാശയയ്യോ!
നിർമ്മിക്കയാണെൻ ശവകുടീരം!
ഞാനുള്ളിൽ വെറുങ്ങലിച്ചെൻ-
ഗാനവും നിർത്തിക്കിടന്നിടട്ടെ!
പഴിലിജ്ജ്യേഷ്ഠനെയോർത്തുമേലിൽ
കേഴരുതൽപ്പവും, സോദരാ, നീ.

• മദനൻ
 എന്തയ്യോ! നീയിക്കഥിപ്പതെന്നോ-
ടെന്തൊരുവാക്കുകളാണിതെല്ലാം?
ഇത്തരംതീപ്പൊരിച്ചിന്തയെല്ലാ-
മ്മിക്ഷണം ദൂരെ ത്യജിക്കണം നീ.
നിന്മുഖം കാണുമ്പോളെന്‍റെ ജീവൻ
വിങ്ങിക്കരയുന്നു വേദനയാൽ.
താവകജീവിതമിത്രപെട്ടെ-
ന്നീവിധം മൂടിയിരുണ്ടതെന്തേ?

• രമണൻ
 അയ്യോ! മദന, നീയെന്തറിഞ്ഞു?
വയ്യെനിക്കിന്നാക്കഥ പറയാൻ.
അത്രമേലുൾക്കടചിന്തകളാൽ
ക്ഷുബ്ധമാണിപ്പൊഴെന്നന്തരംഗം.
ഇക്കാണും കോടക്കാറെന്നു മാറാൻ?
ഇക്കാണും കൂരിരുട്ടെന്നു മായാൻ?
എന്മുന്നിലെല്ലാം നിരാശമാത്രം
കണ്ണീരിൽമുക്കും നിരാശമാത്രം!
മാമക ജീവിതഭാഗ്യതാര-
മായാമയൂന്നങ്ങളസ്തമിച്ചു.
ഇല്ലിനി, വീണ്ടും വരില്ലടുത്താ
വെള്ളിക്കതിരുകളൊന്നുപോലും!
പണ്ടൊക്കെ ഞാനാ പ്രണയതീർത്ഥം
കണ്ടിട്ടും കാണാത്തമട്ടൊഴിഞ്ഞു.
ഇന്നിതാ, ഞാനതിൽ ഞാനറിയാ-
തെന്നേക്കുമായിട്ടടിഞ്ഞുപോയി!
പ്രാണരക്ഷാർത്ഥം തുടിച്ചു നീന്താൻ
ഞാനിക്കയത്തിൽ ശ്രമിക്കുവോളം,
അത്രമേൽ കൈകാൽ കുഴഞ്ഞ,ഭയം
കിട്ടാതെ,മേന്മേൽത്തളർന്നടിവൂ!
എന്നെയിതിൽനിന്നെടുത്തുകേറ്റാൻ
സമ്മതം മൂളുകയില്ലപോലും.
സന്തതമെന്നെയടിച്ചുതാഴ്ത്തും
സമ്പൽപ്രഭാവത്തിൻ നിർദ്ദയത്വം.
വേണ്ട, ഞാനാശിപ്പതില്ലതൊന്നു;-
മാണ്ടുപോകട്ടെ ഞാനിക്കയത്തിൽ!
ജീവിതമിപ്രേമവല്ലരിയെ-
പ്പൂവണിയിക്കുകയില്ലയെങ്കിൽ
മൃത്യുവിലെങ്കിലും ഞാനതിന്‍റെ
പുഷ്പങ്ങൾകൊണ്ടൊരു മാലകെട്ടും!

• മദനൻ
 നിസ്സാരമായൊരു പെണ്ണുമൂലം
നിത്യനിരാശയിൽ നിന്‍റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധർമ്മം?-ഒന്നോർത്തുനോക്കു.
(രമണന്‍റെ മുഖം ചാരംപോലെ വിളറിപ്പോകുന്നു.
പെട്ടെന്നു വീണ്ടും അരുണവർണ്ണമായിത്തീരുന്നു.)


• രമണൻ
 യുക്തി വാദത്തിന്‍റെ സീമകൾക്കും
ശുഷ്ക സമുദായനീതികൾക്കും
അപ്പുറം നിൽക്കുന്നതാണുലകിൽ,
നിഷ്ഫലമെങ്കിലു,മെന്‍റെ രാഗം!
(അത്യന്തം വ്യസനസ്വരത്തിൽ)
നീയെന്നെയെന്തും പറഞ്ഞുകൊള്ളൂ!
നീതികൊണ്ടെന്നെയെറിഞ്ഞുകൊള്ളൂ!
എങ്കിലു...മക്കൊച്ചു..ബാ....ലി....ക....യെ
. . . . . . . . . . . . . . . . . . . . .
(ഗദ്ഗദത്താൽ തുടരാൻ സാധിക്കുന്നില്ല. കണ്ണിൽ ജലം നിറയുന്നു.)

• മദനൻ
(വിളറിയ മുഖത്തോടുകൂടി)
 മാപ്പുചോദിപ്പു ഞാൻ;-ഈയുതിരും
ബാഷ്പമെനിക്കു സഹിച്ചുകൂടാ!
മേലിലൊരിക്കലുമില്ല, ഞാനാ-
ബ്ബാലയെച്ചെറ്റും പഴിക്കയില്ല.

• രമണൻ
 അല്ലിലവളെന്‍റെ സാന്ത്വനത്തിൻ
വെള്ളിനക്ഷത്രമാണോർക്കണം നീ.

• മദനൻ
 അത്താരകത്തെക്കുറിച്ചു പാടാൻ
പൊട്ടിത്തകർന്ന മുരളിയാണോ?

• രമണൻ
 ആ വെള്ളിനക്ഷത്രമിന്നിനിമേലെൻ
ജീവിതത്തിന്നോടടുക്കുകില്ല.
കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ
ചിത്തമുരളി തകർന്നുപോയി!
ഇക്കണ്ണുനീരും നിരാശയുമാ-
യോറ്റയ്ക്കുഞാനീ വനാന്തരത്തിൽ,
ഹാ! മരണത്തിൻ സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!
വിത്തപ്രതാപാനുഭൂതിയിങ്കൽ
വിസ്മരിച്ചേക്കട്ടെ ലോകമെന്നെ!
ഞാനുമെൻഗാനവും മണ്ണടിഞ്ഞാൽ
മാനവലോകത്തിനെന്തുചേതം?
(പോകുന്നു)
(ഗായകസംഘം പ്രവേശിക്കുന്നു)


• ഒന്നാമത്തെഗായകൻ
 എനിയൊരിക്കലും ഇനിയൊരിക്കലും
പ്രണയദീപമേ തെളിയുകയില്ല നീ.
കഴിഞ്ഞു നിന്നുടെ കരൾ കവർന്നൊരാ-
ക്കവന സാന്ദ്രമാം കനകകാന്തികൾ!
തകർന്നടിയുന്നു തവപീഠത്തിങ്കൽ
തരളമാമൊരു തരുണമാനസം!
ഹതനിരാശതന്നിടിവെട്ടിൽ സ്വയം
ചിതറിപ്പോയൊരു ചകിതമാനസം
കപടലോകമേ, പഴിച്ചിടായ്ക നീ
കറയെഴാത്തൊരാക്കുരുന്നു ജീവനെ!-
അഴൽക്കൊടുങ്കാറ്റിൽ ചെറുചിറകുകൾ
കുഴഞ്ഞു വീണൊരാക്കുരുവിക്കുഞ്ഞിനെ!-
അനുപമാദർശദ്യുതിയിലിത്രനാ-
ളലിഞ്ഞിരുന്നൊരാലസൽക്കിനാവിനെ!-
മലിനലോകത്തിൻ തിമിരത്തിൽ ദ്യുതി
മയങ്ങി മങ്ങുമാ മണിവിളക്കിനെ!-

• രണ്ടാമത്തെ ഗായകൻ
 കപടതകൾ തിങ്ങിയ ദുഷ്ടലോകം
കരൾ കരളുമാറൊരദൃഷ്ടശോകം;
ഭുവനമിതിലെങ്ങും നികൃഷ്ടഭോഗം;
അവനണിവതെന്നാൽ വിശിഷ്ടരാഗം!
വിഫലതയിലാ സ്വപ്നം തേഞ്ഞുമായാം;
വിധിവിഹിതമെന്താണെന്നാർക്കറിയാം?
പൊരിവെയിലിൽപ്പെട്ടെന്നെരിഞ്ഞു വാടി
സുരസുഭഗപ്രേമത്തിൻ പുഷ്പവാടി!

• മൂന്നാമത്തെ ഗായകൻ
 ഏകന്തകാമുക, നിന്‍റെമനോരഥം
ലോകാപവാദത്തിൻ കേന്ദ്രമായി!
നിസ്തുല, നിന്നെ നീയായിട്ടു കാണുവാ-
നത്രയ്ക്കുയർന്നിട്ടില്ലന്യരാരും!
രാഗകമൂർത്തിയാം നീയുമീ നിഷ്കൃപ-
ലോകവും ചേരുകയില്ലതമ്മിൽ.
നേരിന്‍റെ നേരിയ വെള്ളിവെളിച്ചത്തിൽ
നീയിന്നൊരു ദേവനായിരിക്കാം;
എന്നാലതൊന്നുമറിയുകയില്ലാരു-
മിന്നതുകൊണ്ടു നീ പിന്മടങ്ങൂ!
നിത്യനിരാശയിൽ നിന്നഭിലാഷങ്ങൾ
പൊത്തിപ്പിടിച്ചു കിടന്നുറങ്ങൂ!
വറ്റാത്തൊരീയശ്രുഗംഗയിൽപ്പെട്ടു നീ
ചുറ്റിക്കറങ്ങിയിട്ടെന്തുകാര്യം?
നശ്വരമാണിങ്ങു കാണുന്നതൊക്കെയും;
വിഭ്രമിക്കാതെ നീ യാശ്വസിക്കു.




ഭാഗം മൂന്ന്

രംഗം ഒന്ന്

(വനം. രമണനും മദനനും പാറപ്പുറത്തിരിക്കുന്നു. സമയം മദ്ധ്യാഹ്നം. രമണന്‍റെ മുഖം നിശ്ശേഷം വിളറി വിഷാദകലുഷിതമായി കാണപ്പെടുന്നു.)

• രമണൻ
 മദന, ഞാനെന്തു പറയട്ടെ! മമ
ഹൃദയം നീറുന്നു, പുകയുന്നു!
സഹിയാനാകാത്ത കദനഭാരവും
സഹതാപമറ്റ ജനതയും-
ഇവിടെയെന്തിനീ വിഫലജീവിത-
മിനിയും പേറി ഞാനലയണം?

• മദനൻ

(രമണന്‍റെ പുറത്തു തലോടിക്കൊണ്ട്)

 കരയുന്നോ, കഷ്ടം !രമണ, നീയൊരു
കറയറ്റവെറും ശിശുപോലെ?
വിവരമുള്ള നീ വെറുതെ യീവിധം
വിലപിച്ചീടുവതുചിതമോ?
സുഖവും ദുഃഖവുമിടകലർന്നൊരീ
മഹിയിൽ നാം വെറും നിഴലുകൾ!
അനുസരിക്കണമിവിടെ നാം വിധി-
യരുളുമാജ്ഞകളഖിലവും
അനുഭവിക്കണം വരുവതൊക്കെയു-
മശരണന്മാർ നാമിവിടത്തിൽ.
അതിനു കീഴ്‌പെടാൻ കടമപ്പെട്ടോർ നാ-
മഴലാതാശ്വസിച്ചമരണം.
വരുവതൊക്കെയും ശുഭമാണെന്നോർത്തു
മരുവുകെന്നോമൽ സഹജ;നീ.
ഒരുദിവസമീയിരുളെല്ലാം നീങ്ങും;
വരുമുദയത്തിൻ നിഴലാട്ടം;
അതുവരുവോളം വഴിപോലാശ്വസി-
ച്ചയി സഹജ, നീ യമരണേ!‌

• രമണൻ
 ഇരുളെല്ലാം നീങ്ങും. ഇരുളെല്ലാം നീങ്ങും
വരുമുദയമെന്മരണത്തിൽ!
ശവകുടീരത്തിൻ ഹൃദയത്തിലാണെൻ-
ഭുവനശാന്തിതൻ കിരണങ്ങൾ,
അതുവരെയ്ക്കുമിശ്ശിഥിലമാനസ-
മെരിപൊരിക്കൊള്ളുമെരിതീയിൽ!

• മദനൻ
 അശുഭചിന്തകളിവകളെയൊന്നോ-
ടകലെവിട്ടു നീ പിരിയണേ!
ശുഭസമാപ്തിതൻ ദൃഢവിശ്വാസത്തി-
ലഭയം തേടി നീ കനിയണേ!
അരുതെനിക്കു, നിൻഹൃദയമീവിധ-
മെരിയും കാഴ്ച കണ്ടമരുവാൻ!

• രമണൻ
 മറവിൽ വെച്ചിട്ടില്ലൊരു രഹസ്യവും,
മദന, ഞാൻ നിന്നോടിതുവരെ,
അവനിയിൽ മമ പ്രണയനാടക-
മവസാനിക്കുവാൻ സമയമായ്!
അവളതിന്നന്ത്യയവനികയിടാ-
നവസരം നോക്കി മരുവുന്നു.
അവളെക്കാണുവാൻ തരമായീടാത്ത
കവനശൂന്യമാം ദിവസങ്ങൾ
കഴിയുന്നുണ്ടോരോന്നൊരുവിധ,മോരോ
കരിതേച്ച രാവും പകലുമായ്!
അവസാനമൊരു നിണമണിയലി-
ലവസാനിക്കുമീയഭിനയം!
പതിവായെന്നോടക്കുഴൽവിളി കേട്ടാൽ
പടിവാതിൽക്കലേക്കതിവേഗം
കരൾമിടിച്ചോടിയണയാറുള്ളൊര-
പ്പരമനിർവ്വാണകവിതയെ
കണികാണാൻപോലും തരമാകാതെത്ര
ദിനരാത്രങ്ങളായ്ക്കഴിയുന്നു!
അവളെക്കാണാൻ ഞാനതുവഴി പോകു-
മനുദിനം പലേ തവണയും;
കിളിവാതിലിന്‍റെ മറവിലും, പക്ഷേ,
കിളരില്ലാ,മുഖവിധുബിംബം.
വ്യതിയാനമിതു പമദുസ്സഹ;-
മിതിനു ഞാനെന്തു പിഴചെയ്തോ!
അവളെക്കാണാതൊരരവിനാഴിക-
യരുതെനിക്കിനിക്കഴിയുവാൻ!
ഇനിയും ഞാനുമീ വിരഹവും തമ്മി-
ലിതുവിധം കൂടിക്കഴിയുകിൽ,
അവശേഷിക്കുകില്ലിനിയധികനാ-
ളവശജീവിതമിതു നൂനം!
മമ സൗഭാഗ്യത്തിൻ രജതതാരകം
മറവായ്-എൻചുറ്റുമിരുളായി!
ഇതിലെൻ പട്ടടയുയരും;ജീവിത-
മിവിടെ ജീർണ്ണിച്ചു വിലയിക്കും!
കഥയിമ്മട്ടായാലിവനെയോർത്തന്നു
കരയരുതെൻ പൊന്നനുജാ, നീ.

• മദനൻ
 ഒരു ലേശമെന്നിൽക്കനിവുണ്ടെന്നാകിൽ-
പ്പറയരുതേവം,രമണ,നീ.
വിലയേറും നിന്‍റെമഹിതജീവിത-
വിജനവാടിയിലൊരുകാലം
അണയുമാനന്ദഭരിതശാന്തിത-
ന്നനുപമോജ്ജ്വലമധുമാസം;
വിരവിലന്നോമൽപ്പരിമളം വീശി
വികസിക്കും ചിന്താമലരുകൾ!
അതുനോക്കിക്കരൾ കുളിരുമ്പോളന്നീ-
യനുജനുമൊരു ചിരിതൂകും-
അതുവരേക്കുമെൻ ഹൃദയവും നിത്യ-
മമിതവേദനം വിലപിക്കും!

രംഗം രണ്ട്

(ചന്ദ്രികയുടെ വിവാഹദിവസം. പ്രഭാതം. വനത്തിന്‍റെ ഒരു ഭാഗം. മദനൻ വ്യസനപരവശനായി ഒറ്റയ്ക്ക് ഒരു പാറപ്പുറത്ത് ഇരിക്കുന്നു.)

• മദനൻ
 ദുർദ്ദിവസമേ, വന്നുചേർന്നിതൊ-
രഗ്നികുണ്ഡവുമായി നീ!
ഹോമിക്കുമിതിലിട്ടു നീയിന്നൊ-
രോമൽപ്പൂമൃതുമാനസം
ജീവിതത്തിന്‍റെ ഭൗതികോന്മദം
താവിടും തവ താഡനം
വേദനിപ്പിക്കുമിന്നൊരു നേർത്ത
വേണുനാദത്തിൻ മാർദ്ദവം!
ഹന്ത, നീ ചുട്ടെരിക്കുമിന്നൊരു
പൊങ്കിനാവിന്‍റെ നന്ദനം!
എന്തിനല്ലെങ്കിലീവിധമിത്ര
വെമ്പിയിങ്ങോട്ടു പോന്നു നീ?

  ഉല്ലസൽശ്രീവസന്തത്തെപ്പച്ച-
മുല്ലക്കാടെന്നമാതിരി,
ആർത്തജിജ്ഞാസംപണ്ടുപണ്ടൊക്കെ-
ക്കാത്തിരുന്നു,ഹാ,നിന്നെഞാൻ!
കഷ്ടമിന്നു നിന്നാഗമമൊരു
വജ്രപാതകമായ്‌ത്തീർന്നുമേ!
ഇന്നു നീ തീർക്കും ചന്ദ്രികയുടെ
മഞ്ജുകല്യാണമണ്ഡപം
എത്രയോ പൊൻകിനാക്കൾതൻ ശവ-
പ്പെട്ടിയാണെന്നറിയുമോ?....

  കണ്ടുമുട്ടിയുലകിലെന്തിനോ
രണ്ടുജീവിതവീചികൾ!
ഇന്നവരണ്ടും രണ്ടുമാർഗ്ഗമായ്-
ത്തമ്മിൽവേർപിരിയുന്നിതാ;
ഒന്നനന്തനിരാശയിങ്കലേ-
ക്കൊന്നു സൗഖ്യയത്തിലേക്കുമായ്!
എന്തിനോ കണ്ടുമുട്ടി തങ്ങളിൽ
രണ്ടു കൊച്ചു മരാളങ്ങൾ
കണ്ണുനീരിലലതല്ലിടുന്നൊരാ
കർമ്മബന്ധവാരാശിയിൽ!
പുൽകി തെല്ലിട തമ്മിലെന്തിനോ
പൂവിട്ടരണ്ടു വല്ലികൾ,
പിന്നെക്കാണുവാൻപോലുമായിടാ-
തെന്നെന്നേക്കുമായ് വേർപെടാൻ!
ആരറിവൂ, വിധിവിലാസങ്ങ-
ളാത്മ ബന്ധത്തിൻ മായകൾ

  ചന്ദ്രികേ, കഷ്ടമാക്കിനാവിനെ-
യെന്തിനേവം ചതിച്ചു നീ?
സുന്ദരമായൊരാ മുരളിക-
യെന്തിനേവം തകർത്തു നീ?
കഷ്ട,മിന്നു നിൻ ലക്ഷ്യമെന്തൊ,രു
ശുഷ്കമാകുമാസ്വാദനം!
നെഞ്ചിടിപ്പിൽത്തളർന്നു, തോരാത്ത
കണ്ണുനീരിൽക്കുളിച്ചിതാ,
നിൽക്കയാണു നിൻ പിന്നിലായൊരു
നിഷ്കളങ്കനിരാശത!
കാഴ്ചവെച്ചു സമസ്തവും നിന്‍റെ
കാൽത്തളിരിലിജ്ജീവിതം-
ലോകഭാവനയോമനിക്കുമൊ-
രാകുലാർദ്രസംഗീതകം-
മന്നൊരിക്കലും വിസ്മരിക്കാത്ത
മഞ്ജുനീഹാരഹാരകം-
നീയതയ്യോ! ചവിട്ടിനീക്കയോ
നീരസംനടിച്ചീവിധം?
ഓർക്കുവതില്ല നീയശേഷമി-
ത്തീക്കനലെരിപ്പാതകം!-
കാമത്തിൻ സർപ്പക്കാവിൽ നിൻ കണ്ണു
കാണാതിന്നലയുന്നു നീ
ഗദ്ഗദം ചൊരിയുന്നു. നിൻ പിന്നിൽ-
ച്ചുട്ടുനീറുമൊരാദർശം;
എത്രകാലം തപസ്സുചെയ്കിലും
കിട്ടാത്തൊരു നൈർമ്മല്യം-
എന്തൊടു,വിൽ ഞെരിക്കുകയെന്നോ
നൊന്തു കേഴുമതിനെ നീ!

  പ്രേമം പൂത്ത മരതകത്തോപ്പിൽ
ഹേമന്തം നൃത്തമാടുമ്പോൾ,
ചന്ദ്രിക ചിത്തകുഞ്ജത്തിൽക്കുളിർ-
ച്ചന്ദനച്ചാറു പൂശുമ്പോൾ,
മുങ്ങിടാറുണ്ടിക്കാനനമൊരു
സംഗീതത്തിൻ യമുനയിൽ!
ശോകമഗ്നമാണെങ്കിലെന്ത,തിൻ
രാഗമാധുരി കേവലം
സ്തബ്ധമാക്കി ചരാചരങ്ങളെ
ലബ്ധസായുജ്യമൂർച്ഛയിൽ!

  നാണയത്തുക നോക്കിമാത്രമാ
വേണുഗാപാലബാലനെ
തൽപ്രണയവൃന്ദാവനത്തിൽനി-
ന്നാട്ടിയോടിച്ച ലോകമേ,
നിഷ്കൃപത്വം പതിയിരിക്കുന്ന
ശുഷ്കവിത്തപ്രതാപമേ,
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ
നിന്നുടലപ്പരാപരൻ.
മണ്ണുതാനതും-നിർണ്ണയം വെറും-
മണ്ണൈല്ത്താനതടിഞ്ഞുപോം!
നിന്‍റെ ധർമ്മവും നീതിബോധവും
കണ്ടറിവോനാണു ഞാൻ.
ഭാഗ്യവാതമടിച്ചു പൊങ്ങിയ
നേർത്തു ജീർണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോൾ ഭാവിക്കാ,മൊരു
ഫുല്ലതാരകം മാതിരി;
വന്നടിഞ്ഞിടും പിന്നെയും കാറ്റു
നിന്നിടുമ്പൊളതൂഴിയിൽ;
ഉച്ചത്തിലൽപ്പമെത്തിയാൽ,പ്പിന്നെ-
ത്തുച്ഛതയായി ചുറ്റിലും!
നീയുംകൊള്ളാം, നിൻ നീതിയും കൊള്ളാം
നീചവിത്തപ്രതാപമേ!
മഞ്ജുമഞ്ഞുനീർത്തുള്ളിപോൽ, മിന്നി
മങ്ങിടുന്നൊരിജ്ജീവിതം-
മാരിവില്ലുപോൽ, മാഞ്ഞുമാഞ്ഞുപോം
മായികമാമിജ്ജീവിതം-
അർത്ഥദുർഗഹമാമൊരു വെറും-
സ്വപ്നമാത്രമിജ്ജീവിതം-
സ്വന്തമെന്നോർത്തഹങ്കരിപ്പു നീ,
ഹന്ത! നിർല്ലജ്ജലോകമേ!
വിത്തധാടികൾക്കൊണ്ടതിലോരോ
പൊൽപ്പതാക പറത്തുവാൻ-
ക്ഷുദ്രശക്തികൾക്കൊണ്ടതിലൊരു
ഭദ്രദീപം കൊളുത്തുവാൻ-
സ്വാർത്ഥതയാലതിൻ വിലാസങ്ങൾ
പേർത്തുമുജ്ജ്വലിപ്പിക്കുവാൻ-
ബദ്ധമോദമൊരുമ്പെടുന്നു നീ,
ബുദ്ധിയില്ലാത്ത ലോകമേ!
മേൽക്കുമേൽ നിന്‍റെ ഗാഷ്ടികളൊക്കെ
നോക്കിനിൽക്കും മരണമോ,
കേവലം പരിഹാസഭാവത്തിൽ-
ത്തൂവുകയാണു പുഞ്ചിരി!
ഒന്നതെങ്ങാൻ വിരലമർത്തിയാ-
ലന്നിമേഷം തകർന്നു നീ!
നിന്നയുതകനകഭണ്ഡാര-
മൊന്നൊഴിയാതെ നൽകിയാലും
പാദമൊന്നതിളക്കുകില്ല,തിൻ-
പാതയിൽനിന്നൊരിക്കലും!
കഷ്ടമെന്തിനു പിന്നെ നിന്‍റെയീ
വിത്തധാടിയും ഗർവ്വവും?

 കേവലമജപാലനെങ്കിലും
ഹാ! കുബേരനല്ലെങ്കിലും
ഉണ്ടവനൊരു ചെമ്പനീരലർ-
ച്ചെണ്ടുപോലുള്ള മാനസം!
സ്വർഗ്ഗസംഗീത സാന്ദ്രമാമൊരു
സ്വപ്ന സാമ്രാജ്യവേദിയിൽ
അശ്വമേധം കഴിച്ചുവാഴുന്ന
ചക്രവർത്തിയാണിന്നവൻ!
കല്പകാലംവരെജ്ജ്വലിപ്പൊരു
ഭദ്രദീപികയാണവൻ!
ഇന്നവനെയവഗണിപ്പു നീ,
കണ്ണുകാണാത്ത ലോകമേ!
ഒക്കെയും ഞാൻ സഹിക്കാം-പക്ഷേയാ-
ഗ്ഗദ്ഗദമപ്രരോദനം
രക്തശൂന്യമായ്ശ്ശോചനീയമാ-
യൊട്ടിയോരക്കവിൾത്തടം,
കത്തുമക്കരളിങ്കൽനിന്നുള്ളൊ-
രഗ്നിപർവ്വതസ്പന്ദനം-
ഹാ!സഹിക്കാനരുതതുമാത്രം
ലേശവുമെനിക്കെന്നുമേ!

 കഷ്ടമെങ്ങനെ സാന്ത്വനിപ്പിക്കു-
മപ്രണയവിവശനെ?
ആനന്ദിപ്പിപ്പതെങ്ങനെ മേലി-
ലാ നിഹതനിരാശനെ?
കണ്ണൂനീരോടെതിർത്തുനിൽക്കുവാൻ
കർമ്മധീരനുമല്ലവൻ!
എങ്ങനെ പിന്നെയാശ്വസിപ്പിപ്പ-
തിന്നു ഞാനെൻ സുഹൃത്തിനെ?
ഇന്നു രാത്രിയിൽ സംഭവിക്കുന്നു
ചന്ദ്രികതൻ പരിണയം.
ഇപ്പൊഴുതുമറിഞ്ഞിട്ടില്ലവ-
നക്കഥയൊന്നുമേതുമേ
ചെറ്റുനാളായ് പരസ്പരം കാണാൻ
പറ്റിടായ്കയാൽപ്പോലുമേ
ഇത്രമാത്രമെരിഞ്ഞു നീറുമാ
മുഗ്ദ്ധരാഗാർദ്രമാനസം
ഇക്കഥയെങ്ങാനിന്നറിയുകിൽ-
ക്കഷ്ട,മെന്തു ചെയ്യേണ്ടു ഞാൻ?

 എന്തിനിശ്ശൊകനാടകത്തിങ്ക-
ലെന്നെയും സാക്ഷിയാക്കി നീ?
ഹന്ത! മന്മനം പൊള്ളുവാനിദ-
മെന്തിനെൻ പ്രാണനായി നീ?
കഷ്ടമായി, സഹോദര, നമ്മ-
ളൊത്തുചേർന്നിത്രകാലവും
ഒറ്റജീവനായ് വാണതി,ങ്ങനെ
ചുട്ടുനീറുവാനാണെങ്കിൽ!
(ദൂരത്തേക്കു നോക്കി ഭയവ്യാകുലതകളോടെ)

 എന്തിതോ,ടി വരുന്നതാരിങ്ങോ-
ട്ടെ,ന്തിതെന്തെൻ രമണനോ?
എന്തുമാറ്റം!-ഭയങ്കരം!-നിന-
ക്കെന്തുപറ്റി സഹോദര?
നിന്നെക്കാൺകേ നടുങ്ങിപ്പോകുന്നി-
തിന്നു ഞാനി,തെന്തദ്ഭുതം?
എന്തിനുള്ളോരൊരുക്കമാണിതു
ഹന്ത, കാണാനരുതു മേ!
നീയൊരേതോ പിശാചിനെപ്പോലെ
പായുന്നതെന്തിനാണിങ്ങനെ?
നീയുമിന്നാ നിശിതവാർത്തതൻ
തീയിൽപ്പൊള്ളിയിരിക്കണം!
നിന്മുഖം തെളിച്ചോതുന്നുണ്ടതു
ഹന്ത!ദൈവമേ, സാധുവാമെന്നെ-
യെന്തിനേവം വലപ്പു നീ?
മത്സുഹൃത്തേ,രമണ, നീ ശാന്ത-
സുസ്മിതാസ്യനായ് മാറണേ!
ശക്തനല്ല ഞാൻ നിന്‍റെയീ മുഖ-
ത്തുറ്റുനോക്കുവാൻ ലേശവും!
ഞാനിത, വിറകൊൾകയാണയ്യോ!
മാനസം പതറുന്നുമേ!
എന്തുചെയ്യും ഞാനെ,ന്തുചൊല്ലും ഞാ-
നെ,ന്തിതെന്തിനുള്ളാരംഭം?
ചിന്തനാതീതദാരുണമാമി-
തെന്തി,തെന്തൊരുനാടകം?
മഗളമാ യവനിക വീണീ
രംഗം വേഗം മറയണേ!

രംഗം മൂന്ന്

(വനത്തിന്‍റെ ഹൃദയം. അർദ്ധരാത്രി, ഇരുട്ടും മങ്ങിയ നിലാവും, ചുറ്റും ആവൽച്ചിറകടികൾ, കിടുകിടുപ്പിക്കുന്ന എന്തോ ഒരു ഭയങ്കരത.
പരുപരുത്ത ഒരു കാറ്റ്. മുളങ്കാടിന്‍റെ അസുഖപ്രദമായ ഒരുവക കുഴൽ വിളി. നേരിയ മർമ്മരം. തണുപ്പ്. കാട്ടരുവിയുടെ കളകള ശബ്ദം. രമണൻ
ഒരു പിശാചിനെപ്പൊലെ പ്രവേശിക്കുന്നു. വിക്കൃതമായ മുഖഭാവം. പാറിപ്പറന്ന തലമുടി. ജ്വലിക്കുന്ന കണ്ണൂകൾ. രൂക്ഷമായ നോട്ടം. ഇടയ്ക്കിടെ
പൈശാചികമായ ഒരുവക പൊട്ടിച്ചിരി. വേച്ചുവേച്ചു ഭ്രാന്തനെപ്പോലുള്ള നടപ്പ്. കൈയിൽ പിരിച്ചുമുറുക്കിയ ഒരുമാറു കയർ. വന്നുവന്ന്
അരുവിയുടെ വക്കത്ത് ഉള്ളിലേക്കുന്തിനിൽക്കുന്ന പാറക്കല്ലിന്മേൽ കയറി നിൽക്കുന്നു. അരുവിയിലേക്കു ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്‍റെ
കൊമ്പിന്മേൽ പിടിച്ചു ബലം പരീക്ഷിച്ചിട്ട്, 'ഹാ,ഹാ' എന്നു വികൃതമായി ഒരു പൊട്ടിച്ചിരി.)


• രമണൻ
 ഹൃദയരക്തം കുടിച്ചു തടിച്ചിട്ടും
ഹൃദയശൂന്യപ്രപഞ്ചമേ, ഘോരമേ
കുടിലസർപ്പമേ കാളകാകോളമേ,
കുടലുമാലയണിഞ്ഞ കങ്കാളമേ,
മതി,മതി,നിന്‍റെ ഗർജ്ജന-മെന്മനം
ചിതറിടുന്നു, ദഹിച്ചുവീഴുന്നു ഞാൻ!
എവിടെ?-എന്താണൊരുക്കുന്നതിന്നു നീ-
യവിടെ? എന്തെൻ ചുടലക്കിടക്കയോ?
കഴുകർവന്നു ചിറകടിച്ചാർത്തിടും
കഴുമരങ്ങളോ കാണുന്നുമുന്നിൽ ഞാൻ?
ഇവിടെയെന്തു തീ,യെന്തുചൂടോ,ന്നിനി-
യെവിടെയോടേണ്ടു?-പൊള്ളുന്നു ജീവിതം!
അരുതൊരായിരം സർപ്പങ്ങളൊന്നുചേർ-
ന്നഹഹ! കെട്ടുപിണയുന്നു ജീവനിൽ!
സിരകളൊക്കെയും ഞെക്കിപ്പിഴികയാ-
ണൊരു ഭയങ്കരഹസ്തമദൃശ്യമായ്.

(ഒന്നു ഞെട്ടി പുറകോട്ടൊഴിഞ്ഞ് ചുറ്റും നോക്കിയിട്ട്)

മണിമുഴക്കം-മരണം വരുന്നൊരാ-
മണിമുഴക്കം-മുഴങ്ങുന്നു മേൽക്കുമേൽ!
ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ-
ണുയരുവതനുമാത്രമെൻ ചുറ്റുമായ്!
മരണമേ, നീശമിപ്പിക്കുകൊന്നുനിൻ-
മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ
അരുതരുതെ,നിക്കീവിഷവായുവേ-
റ്റരനിമിഷമിവിടെക്കഴിയുവാൻ!
ധരയിതിൽ, കഷ്ട,മെന്തെങ്കളേബരം
വെറുമൊരുശുഷ്കപാഷാണപഞ്ജരം!
പരസഹസ്രം കൃമികീടരാശിതൻ-
വെറുമൊരാഹാരകേദാരശേന്നരം!
വെറുതെയെന്തിനതും ചുമന്നിങ്ങനെ
പൊരിവെയിലത്തലഞ്ഞു നടപ്പുഞാൻ?
അതു മണലിലടിയട്ടെ; ശാന്തിതൻ-
മൃദുലശയ്യയിൽ വിശ്രമിക്കട്ടെ ഞാൻ!
വിലപെടുമിപ്രപഞ്ചത്തിനില്ലൊരു
ഫലവുമെന്നെപ്പുലർത്തിയകൊണ്ടിനി!
മറവിൽ ഞാനടിയട്ടെ!-മജ്ജടം
മണലിലാണ്ടു ലയിക്കട്ടെ നിഷ്ഫലം.

(പാറപ്പുറത്ത് പൊടുന്നനെ ഇരിക്കുന്നു. ആകാശത്തിലേക്കുറ്റു
നോക്കി ഒരു വികൃതമായ രോദനത്തോടെ ഒന്നു ചൂളിക്കൊണ്ട്)


മഹിയിൽ മാമക ജീവിതമിത്രനാൾ
മധുരമാക്കിയ വെള്ളിനക്ഷത്രമേ,
പിരിയുകയാണു നീയുമനന്തമാ-
മിരുളിലെന്നെ വെടിഞ്ഞിദ,മോമലേ!
ഇവിടെയിത്തമോമണ്ഡലവീഥിയി-
ലവശജീവി ഞാനെന്തു ചെയ്തീടുവാൻ?
അനുപമഭോഗശൃംഗകത്തിങ്കലേ-
യ്ക്കഴകിലേവം കുതിച്ചുയരുന്നു നീ;
അതുപൊഴുതിതാ, ഞാനോ?-വെറുങ്ങലി-
ച്ചടിവുനൈരാശ്യപാതാളവീഥിയിൽ!

(കൊടുംകൈകുത്തി ഒരു വശത്തേക്ക് ചരിഞ്ഞ് ശിരസ്സു താങ്ങിക്കൊണ്ട്)

ശരിയിതുതന്നെ ലോകഗതി;-യതേ,
സ്ഥിരതയില്ലിപ്രപഞ്ചത്തിലൊന്നിനും,
കപടതയ്ക്കേ കഴിഞ്ഞിടൂ കാഞ്ചന-
ജയപതാകയിവിടെപ്പറത്തുവാൻ!
ഹൃദയശൂന്യതമാത്രമാണേതൊരു
വിജയലബ്ധികുമേകാവലംബനം!
ഇവിടെയാദർശമെല്ലാമനാഥമാ,-
ണിവിടെയാത്മാർത്ഥതയ്ക്കില്ലോരർത്ഥവും

(ചാടി എഴുന്നേൽക്കുന്നു)

രജതതാരകേ,നിന്മുന്നിൽ നിർമ്മല-
ഭജനലോലുപം നിന്നു ഹാ! മന്മനം!
കരുതിയില്ല കിനാവിലുംകൂടിഞാൻ
കരിപുരട്ടുവാൻ നിൻ ശുദ്ധചര്യയിൽ!
കരഗതമായെനിക്കതിനായിര-
മിരുൾപുരണ്ട നിമിഷങ്ങളെങ്കിലും,
ചിലപൊഴുതെന്‍റെ മാനവമാനസം
നിലയുറയ്ക്കാതഴിഞ്ഞുപോയെങ്കിലും,
അവയിൽനിന്നൊക്കെ മുക്തനായ് നിന്നു ഞാ-
നടിയുറച്ചൊരെന്നാദർശനിഷ്ഠയിൽ
നിയതമെൻ ചിത്തസംയമനത്തിനാൽ
സ്വയമിരുമ്പിൻ കവചം ധരിച്ചുഞാൻ
അതിചപലവിചാരശതങ്ങളോ-
ടമിതധീരമെതിർത്തുനിന്നീടിനേൻ!
ഒരുതരത്തിലും സാധിച്ചതില്ലവ-
യ്ക്കൊളിവിലെന്നെയടിമപ്പെടുത്തുവാൻ!
അതുവിധം നീയപങ്കിലയാകുമാ-
റനവരതം പ്രയത്നിച്ചതല്ലയോ,
ഇതുവിധം നീയൊടുവിലെന്നെക്കൊടു
മിരുളിലേക്കുന്തിനീക്കുവാൻ കാരണം?
ക്ഷിതിയിതിങ്കൽ മറ്റേവനെപ്പോലെയും
മുതിരുവോനായിരുന്നു ഞാനെങ്കിലോ,
അടിയുമായിരുന്നില്ലേ ദുരന്തമാ-
മവമതിതന്നഗാധഗർത്തത്തിൽ നീ?
അതിനിടയാക്കിടാഞ്ഞതിനുള്ളൊരെൻ-
പ്രതിഫലമോ തരുന്നതെനിക്കു നീ?
ശരി;-യതുമൊരു ലേശം പരിഭവം
കരുതിടാതിതാ സ്വീകരിക്കുന്നു ഞാൻ!
പരിഗണിച്ചിടേണ്ടെന്നെ നീയൽപവും;
പരമതുച്ഛനാം ഞാനൊരധഃകൃതൻ
പരിണതാനന്ദലോലയായ് മേൽക്കുമേൽ
പരിലസിക്ക നീ വെള്ളിനക്ഷത്രമേ!
ഇരുളുമുഗനിരാശയും മന്നിലെൻ
മരണശയ്യ വിരിക്കുന്നു-പോട്ടെ ഞാൻ!

(കുറച്ചുനേരം ഒരു പ്രതിമയെപ്പോലെ അനങ്ങാതെയിരിക്കുന്നു. പെട്ടെന്നു ചാടിയെഴുന്നേറ്റു കയറിന്‍റെ ഒരു തുമ്പിൽ ഒരു കുരുക്കുണ്ടാക്കുന്നു.
അനന്തരം മറ്റേത്തുമ്പ് വൃക്ഷശാഖയിൽ ദൃഢമായി ബന്ധിക്കുന്നു. വീണ്ടും അനങ്ങാതെ ഇതികർത്തവ്യതാമൂഢനായി കുറേനേരം നിൽക്കുന്നു.
ശരീരം കിലുകിലാ വിറയ്ക്കുന്നു. കണ്ണുകളിൽ ജലം നിറഞ്ഞു ധാരധാര യായി ഇരുകവിളിലൂടെയും ഒഴുകുന്നു. ചുറ്റുപാടും പരിഭ്രമത്തോടും
ഭയ ത്തോടുംകൂടി പകച്ചുനോക്കുന്നു. വീണ്ടും പൂർവ്വാധികം വേദനയോടെ മാറത്തു രണ്ടുകൈയും ചേർത്ത് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട്)


പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകൾ സദാ കൂകും വനങ്ങളേ,
അമിതസൗരഭധാരയിൽ മുങ്ങിടും
സുമിതസുന്ദരകുഞ്ജാന്തരങ്ങളേ,
കുതുകദങ്ങളേ, കഷ്ട,മെമ്മട്ടു ഞാൻ
ക്ഷിതിയിൽ വിട്ടേച്ചു പോകുന്നു നിങ്ങളെ?....

കുളിർതരംഗതരളിതനിർമ്മല-
സലിലപൂരിതസ്രോതസ്വിനികളേ,
ലളിതനീലലസത്തൃണകംബള-
മിളിതശീതളച്ഛായാതലങ്ങളേ
അനുപമങ്ങളേ, കഷ്ടമെമ്മട്ടുഞാൻ
തനിയെ വിട്ടേച്ചു പോകുന്നു നിങ്ങളെ?...

ക്ഷിതിയിലെന്തിലും മീതെ ഞാൻ വാഴ്ത്തിടും
ഹൃദയഹാരിയാം ഹേമന്ത ചന്ദ്രികേ,
സുരുചിരോജ്ജ്വലശാരദാകാശമേ,
സുകൃതിനികളേ, താരാമണികളേ,
മദകരങ്ങളേ,കഷ്ട,മെമ്മട്ടു ഞാൻ
മഹിയിൽ വിട്ടേച്ചുപോകുന്നു നിങ്ങളെ?

സസുഖമെന്നൊടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ,
സദയമെന്നെപ്പിരിഞ്ഞിടാതിത്രനാൾ
സഹകരിച്ചൊരെന്നോമന്മുരളികേ.
കവിതകാണിച്ച മൽപ്രകൃത്യംബികേ,
കരൾകവർന്നൊരെൻ കൊച്ചുപുഴകളേ,
അഭയദങ്ങളേ,കഷ്ട,മെമ്മട്ടു ഞാ-
നവനിയിൽ വിട്ടുപോകുന്നു നിങ്ങളെ?...
(ഒരു ഞടുക്കത്തോടുകൂടി)
മണിമുഴക്കം!-സമയമായ്-മാരണ-
മണിമുഴക്കം!-വിടതരൂ, പോട്ടെ ഞാൻ
മദന, മൽപ്രാണസോദരാ, സൗഹൃദം
മഹിയിലെന്തെന്നു കാണിച്ച മത്സഖ,
പ്രണയനാടകം മാമകം ഘോരമാം
നിണമണിയലിൽത്തന്നെ കഴിയണം
ഇനിയൊരിക്കലും കാണുകയില്ല നാം-
അനുജ, മാപ്പുതരൂ, യാത്രചൊൽവു ഞാൻ!
ഇതുവരെയ്ക്കെൻ സുഖദുഃഖമൊന്നുപോൽ
പ്രതിദിനം പങ്കുകൊണ്ടവനാണു നീ!
ഹൃദയമയ്യോ! ദഹിക്കുന്നു നിന്നെയി-
ക്ഷിതിയിൽ,വിട്ടുപിരിവതോർക്കുമ്പോൾ മേ!
കഠിനമാണെന്‍റെ സാഹസമെങ്കിലും
കരുണയാർന്നതു നീ പൊറുക്കേണമേ!
അനുജ, മൽപ്രാണതുല്യനാമെന്‍റെപൊ-
ന്നനുജ, നിന്നൊടും,യാത്രചോദിപ്പു ഞാൻ!
കരയരുതു നീ നാളെയെൻ ഘോരമാം
മരണവാർത്ത കേട്ടി,ന്നു പോകട്ടെ ഞാൻ!

മമ ഹൃദയരക്തം കുടിച്ചെങ്കിലും
മലിനലോകമേ, യാശ്വസിച്ചീടു നീ!
വികൃതജീവിതപ്പുല്ലുമാടം സ്വയം
വിരവിലിന്നിത, തീവെച്ചെരിപ്പു ഞാൻ!
മമ ശവകുടീരത്തിൽ നീയെന്നെയോർ-
ത്തൊരു വെറും കണ്ണുനീർത്തുള്ളിയെങ്കിലും
പൊഴിയരുതേ, നമോവാകമോതി ഞാ-
നൊഴികയായിതാ വെള്ളിനക്ഷത്രമേ!

(അത്യന്തം ഭയപാരവശ്യത്തോടെ ഞെട്ടി പിന്മാറി
ചുറ്റും പകച്ചുനോക്കി കയറിൽ കടന്നു പിടിക്കുന്നു.)


മണിമുഴക്കം!...സമയമായ്...മാരണ-
മണിമുഴക്കം!...വരുന്നു...വരുന്നു ഞാൻ
പ്രിയകരമാം...പ്രപഞ്ചമേ...ഹാ!...
പ്രിയ...വെ...ള്ളി...ന...ക്ഷ..ത്ര..മേ!
........................................................

രംഗം നാല്


(വനത്തിന്‍റെ ഒരു ഭാഗം. മദനൻ ആടുകളേയും തെളിച്ചുകൊണ്ട് പതിവുപോലെ വനത്തിലെത്തി രമണനെ നോക്കുന്നു. കാണുന്നില്ല,
അവിചാരിതമായി, അകാരണമായി, ഒരാശങ്ക, ഒരു ഭയം മദനന്‍റെ ഹൃദയത്തിൽ കടന്നു കൂടുന്നു. അവൻ രമണനെ വിളിച്ചു കൊണ്ട് കാട്ടിൽ
അങ്ങിങ്ങലഞ്ഞു തിരിയുന്നു.)


• മദനൻ
 രമണാ, രമണാ, നീയെങ്ങുപോയി?
സമയമിന്നേറെക്കഴിഞ്ഞുപോയി,
പതിവില്ലാതിന്നിത്ര താമസിക്കാൻ
കഥയെന്ത് ഹാ! നിനക്കെന്തുപറ്റി?
പരിചിൽ കിഴക്കേ മലമുകളിൽ
പകലോനുദിച്ചൊട്ടുയർന്നുപൊങ്ങി.
ദിവസവും നീയാണിങ്ങാദ്യമെത്താ-
റെവിടെ നീയിന്നു; നിന്നാടുകളും?
കുളിർകാറ്റുവീശുന്നു,പൂത്തുനിൽക്കും
കുറുമൊഴിമുല്ലകളാടിടുന്നു;
കലിതാനുമോദം വനം മുഴുവൻ
കളകളംപെയ്യുന്നു പൈങ്കിളികൾ;
മലർമണം വീശുന്നു;പീലിനീർത്തി
മയിൽ മരക്കൊമ്പിൽനിന്നാടിടുന്നു-
ഇവയെ വർണ്ണിച്ചൊരു പാട്ടുപാടാ-
നെവിടെ, രമണ, നീയെങ്ങുപോയി?

(മദനൻ നടന്നു നടന്ന് കാടിന്‍റെ ഉൾഭാഗത്തേക്കുള്ള ഒരരുവിയുടെ കരയിലെത്തുന്നു. പെട്ടെന്നു മുൻപിൽ അരുവിയിലേക്കു ചാഞ്ഞ
മരക്കൊമ്പിൽ തൂങ്ങിമരിച്ചുകിടക്കുന്ന രമണനെ കാണുന്നു. ശരീരം കിലുകിലാ വിറയ്ക്കുന്നു. തലകറങ്ങി ബോധരഹിതനായി
നിലമ്പതിക്കുന്നു. അപ്പൊഴേക്കും മറ്റുചിലഇടയന്മാരും അവിടെ എത്തിച്ചേരുന്നു. എല്ലാവരും ഇടിവെട്ടേറ്റപോലെ സ്തബ്ധരായിത്തീരുന്നു;
ഏതാനുംപേർ മദനനെ ശീതോപചാരങ്ങൾ ചെയ്യുന്നു. ക്രമേണ അവനു ബോധക്ഷയം വിട്ടുമാറുന്നു. അവൻ വീണ്ടും രമണനെ ഉറ്റുനോക്കുന്നു.
കഴുത്തിൽ ഒരു പൂമാല; നീണ്ടുമരവിച്ച ശരീരം; ഒരു വശത്തേക്കൽപം ചരിഞ്ഞു കിടക്കുന്ന ശിരസ്സ്; വസ്ത്രമാകമാനം രക്തമയം.
മദനന്‍റെഹൃദയം ദ്രവിക്കുന്നു. അവൻ ഒരു ശിശുവിനെപ്പോലെ വാവിട്ടു കരയുന്നു. മറ്റിടയന്മാർ ആശ്വസിപ്പിക്കുന്നു. അൽപനേരം കഴിഞ്ഞ്)


• മദനൻ
 വിശ്വസിക്കാവതോ, കാണുമിക്കാഴ്ച;-ഹാ
വിശ്വമേ, കഷ്ടം ! ചതിച്ചു,ചതിച്ചു നീ;
സത്യമോ?-സത്യമാണയ്യോ! നടുങ്ങുന്ന
സത്യം;- ഭയങ്കരം! പൈശാചസംഭവം!
അങ്ങതാ തൂങ്ങിക്കിടപ്പൂ മരക്കൊമ്പിൽ,
നിത്യപ്രപഞ്ചമേ, നിന്മഹാപാതകം!
ആഹാ! ദയനീയ, മയ്യോ! ഭയാനകം
സാഹസം!- എന്തു; നീ നിർജ്ജീവമായിതോ?
സുന്ദരഗാനപ്രചോദനം വിങ്ങുമാ
സ്പന്ദനമെല്ലാം നിലച്ചുകഴിഞ്ഞുവോ?
അക്കണ്ഠനാളത്തിൽ നിന്നൊരുനേരിയ
ഗദ്ഗദംപോലുമിനിക്കേൾക്കുകില്ലയോ?
ആ നാവിനിമേലനങ്ങുകില്ലേ, കഷ്ട-
മാ മനം മേലില്‌ത്തുടിക്കുകില്ലേ, ലവം?
എല്ലാം കഴിഞ്ഞോ! കഴിഞ്ഞോ-കഴിഞ്ഞുപോ-
യെല്ലാം കഴിഞ്ഞു!-കഴിഞ്ഞു സമസ്തവും!
അയ്യോ! വെറുങ്ങലിച്ചല്ലോ - മമോത്സവം!
വയ്യ മേ, വയ്യ മേ, കണ്ടിതു നിൽക്കുവാൻ!
* * * *

നോക്കൂ ജഗത്തേ, ഞെരിച്ചു ഞെക്കിക്കൊന്നു
പേക്കൂത്തിൽ നീയാക്കളകോകിലത്തിനെ!
തൂങ്ങിക്കിടപ്പൂ മരവിച്ചൊരു കയർ-
ത്തുമ്പിലൊരത്യന്തമോഹനജീവിതം!
ചമ്പനീർപ്പൂപോൽ വിരിഞ്ഞുവരുന്നോരു
സമ്പൂതസൗമ്യനവയുവജീവിതം!
പുഞ്ചിരിക്കൊള്ളാൻ തുടങ്ങുന്നതിൻ മുൻപു
നെഞ്ചിട പൊട്ടിത്തകർന്നൊരു ജീവിതം
ഇങ്ങിനിയെത്രകൊതിക്കിലും കിട്ടാത്ത
സംഗീതസാന്ദ്രമൊരോമനജ്ജീവിതം!
ഇന്നിതിനെത്തച്ചുകൊന്നൊരപ്പാതക-
മെന്നിനിത്തീരും പ്രപഞ്ചവേതാളമേ?
അജ്ജീവരക്തമൊരുതുള്ളിയില്ലാതെ-
യൊകെയുമൂറ്റിക്കുടിച്ചുകഴിഞ്ഞു നീ!

പിന്നെയും മന്ദഹസിക്കയോ നീ?-നിന്‍റെ
നിന്ദ്യചരിത്രം പരമഭയങ്കരം!
അപ്രാണവാതം വലിച്ചെടുത്തിട്ടു നീ
ജല്പിപ്പു വീണ്ടും നിരർത്ഥമെന്തൊക്കെയോ!
അസ്ഥികൂടങ്ങളാൽ നിൻ വിജയോത്സവ-
നർത്തനമണ്ഡപം സജ്ജീകരിപ്പു നീ!
കഷ്ടമിനിയും തലപൊക്കി നോക്കുവാൻ
ലജ്ജയാവാത്തതാണദ്ഭുതം, ലോകമേ!
അത്താമരക്കുരുന്നയ്യോ! കരിഞ്ഞുപോയ്
വിത്തപ്രതാപമേ, നിന്നിടിവെട്ടിനാൽ!
അക്കൊച്ചുഹംസം ചിറകറ്റടിഞ്ഞുപോയ്,
ദുഷ്കുബേരത്വമേ, നിൻ കരവാളിനാൽ!
ഭാസിച്ചിരുന്നൊരപ്പൂമൊട്ടരഞ്ഞുപോയ്
ഹാ! സമുദായമേ, നിൻ കാൽച്ചവിട്ടിനാൽ!
(മദനന്‍റെ മുന്നം വ്യസനസമ്മിശ്രമായ കോപം കൊണ്ടുപൂർവ്വാധികം രക്താഭമായിത്തീരുന്നു.)

അല്ലെങ്കിലെന്തിനവയെപ്പഴിപ്പു ഞാ-
നില്ലില്ല-ദുഷ്ടേ, ഭയങ്കരിയാണു നീ!
ചന്ദ്രികയല്ല, വിഷമയധൂമിക
ചിന്തുന്നൊരദ്ധൂമകേതുവാകുന്നു നീ,
നീയാണു, നിർദ്ദയേ, ഹാ! രക്തയക്ഷിയാം
നീയാണു, കൊന്നതിഗ്ഗന്ധർവ്വബാലനെ!
ആ മനസ്സിൻ ചെങ്കുരുതിയാൽ, നിൻ നിന്ദ്യ-
കാമചിത്രത്തിന്നു ചായം പുരട്ടി നീ!
കത്തുമൊരാത്മാവുകൊണ്ടു നിൻ മച്ചിലെ-
കസ്തൂരികത്തിരി കഷ്ടം! കൊളുത്തി നീ!
പൊട്ടിത്തകർന്നോരിളം മനസ്സാൽ നിന്‍റെ
പട്ടുകിടക്കയിൽപ്പൂവിട്ടു ദുഷ്ട നീ
കണ്ടാൽ നടുങ്ങും!-ഭയാനകേ, നിന്മുഖം
കണ്ടാൽ നടുങ്ങും-ജഗത്തിതെന്നുമേ!

നിങ്കുബേരത്വവും നീയും!-മതി,നിന്‍റെ
സങ്കൽപ്പവും നിൻ സുദൃഢശപഥവും
ഹാ! വെറും കാമത്തിൽനിന്നുമുയർന്ന നിൻ-
ഭാവനാമാത്രപ്രണയവും വേഴ്ചയും;
ലജ്ജയില്ലല്ലോ നിനക്കു!-നീ നോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?
പണ്ടുനിൻ കാമസങ്കൽപലതയിലെ-
ച്ചെണ്ടായി നീയോമനിച്ച താണിജ്ജഡം-
ഇന്നലെയോളം നിനക്കുവേണ്ടിച്ചുടു-
കണ്ണീരിൽ മുങ്ങിക്കുളിച്ചതാണിജ്ജഡം-
നിർമ്മലരാഗവ്രതത്തിലീനാളൊക്കെ
നിൻ നാമമന്ത്രം ജപിച്ചതാണിജ്ജഡം-
നിന്നെക്കുറിച്ചുള്ള സംഗീതമിത്രനാൾ
നിന്നുതുളുമ്പിക്കളിച്ചതാണിജ്ജഡം-
എത്രനാൾ ലോകം തപസ്സുചെയ്തീടിലും
കിട്ടാത്തൊരദ്ഭുത സിദ്ധിയാണിജ്ജഡം-
ഹാ! നിന്‍റെ നിഷ്ഠൂരമാനസം സ്പന്ദിത-
പ്രാണനെപ്പാടേ കവർന്നതാണിജ്ജഡം-
ചെറ്റുമശൂദ്ധമാക്കാതെ നിൻ ജീവിത-
മിത്രനാൾ കാത്തുരക്ഷിച്ചതാണിജ്ജഡം-
ലജ്ജയില്ലല്ലോ നിനക്കു!- നീനോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?

(വീണ്ടും വാവിട്ടു കേണുകൊണ്ട്)
അയ്യോ! രമണ, സഹോദര, പോയി നീ!
വയ്യിനി മേലിൽ വരില്ല വരില്ല, നീ!
എന്നേക്കുമായ് നിൻമൃദുമനസ്പന്ദങ്ങ-
ളോന്നോടെ നിന്നു!-മരവിച്ചുകഴിഞ്ഞു നീ!
ദുസ്സഹം, ദുസ്സഹം!-അയ്യോ!-മമ മനം
മത്സന്ന, നീറുന്നു!-മൂർച്ഛിച്ചിടുന്നു ഞാൻ!...

(വേച്ചു വേച്ചു നിലത്തുവീഴുന്നു. ഒരു വൃക്ഷത്തിന്മേൽ ചാരിയിരുന്നുകൊണ്ട്)
കൂരിരുട്ടത്തുനിന്നേതോ വെളിച്ചത്തെ
വാരിപ്പുണരാൻ ചിറകുവിടർത്തി നീ.
നീയുമഹോ നിന്‍റെ ദുഃഖ സംഗീതവും
മായാപ്രപഞ്ചത്തിൽ മാഞ്ഞിതെന്നേക്കുമായ്!
അള്ളിപ്പിടിക്കയാണിന്നെൻ മനസ്സിനെ
മുള്ളുകൾകൊണ്ടു പൊതിഞ്ഞൊരിസ്സംഭവം!

അക്കയറിന്‍റെ കുരുക്കു നിൻ കണ്ഠത്തെ
ഞെക്കിഞെക്കി സ്വയം വീർപ്പുമുട്ടിക്കവേ;
ഉൽക്കടപ്രാണദണ്ഡത്തിൽപ്പിടഞ്ഞു കാ-
ലിട്ടടിച്ചയ്യോ! കിടന്നു പുളയവേ,
ആദ്യം വലിഞ്ഞു നിന്മെയ്, മന്നിനോടൊരു
ചോദ്യചിഹ്നംപോൽ, സ്വയം ചമഞ്ഞീടവേ!
അന്ത്യമൊരുഗമാമാശ്ചര്യചിഹ്നമായ്
നിൻ തനു നീണ്ടു മരവിച്ചു തൂങ്ങവേ;
എമ്മട്ടുപൊട്ടിത്തെറിക്കാതെ നിന്നു, ഹാ!
കർമ്മപ്രപഞ്ചമേ, നീ നിർവ്വികാരമായ്!
തുണ്ടുതുണ്ടായിച്ചിതറിയതില്ലല്ലി
വിണ്ടലമിക്കൊടുംകാഴ്ച കണ്ടിട്ടുമോ?
നിന്നെയതിനു വിലക്കിയതല്ലല്ലി
മുന്നിലായ് നിൽക്കുമിക്കാടും മലകളും?

പണ്ടൊക്കെയോരോ കവനാങ്കുരങ്ങൾ നീ
കണ്ടിരുന്നോരീ മരതകക്കാടുകൾ,
നീയെത്രമാത്രം പ്രിയപ്പെട്ടതായിട്ടു
നീളവേ പാടിപ്പുകഴ്ത്തിയ കാടുകൾ,
മർമ്മരഗാനംപൊഴിച്ചുനിന്നോ, ഹന്ത!
നിന്നെ ത്യജിച്ചൊരപ്രാണമരുത്തിനാൽ.
* * *
കഷ്ടം ! നിണത്തിൽ കലാശിച്ചു, നീ ചൊന്ന-
മട്ടിലയ്യോ! നിന്നനുരാഗനാടകം !
ദൂരത്തുനിന്ന മരണത്തിനെ സ്വയം
ചാരത്തണച്ചു ചെങ്കുങ്കുമംചാർത്തിനീ!
സാഹസമായി സഹിക്കുവാനാകാത്ത
സാഹസമായി, നീ ചെയ്തതെൻ സോദര!
മന്നിൻ മലീമസരംഗത്തിലിന്നിതാ,
നിന്നെച്ചതിച്ചു നിന്നാദർശജീവിതം!
നിസ്സാരമായൊരു പെണ്ണിനുവേണ്ടി നിൻ-
നിസ്തുല ജീവിതം ഹോമിച്ചെരിച്ചു നീ!
കഷ്ടമായ്പ്പോയി,സഹോദരാ, നീചെയ്ത-
തെ,ത്രയിനി ഞാൻ കരകിലെന്തേ ഫലം?

നിസ്സ്വാർത്ഥനാം നീ നിരൂപിച്ചപോ,ലത്ര-
നിസ്സാരമായിരുന്നില്ല നിൻ ജീവിതം.
ഹന്ത! നിനക്കല്ല, ജഗത്തിനാണായതിൻ-
ഹാനി!- ലോകത്തിന്‍റെ ആവശ്യമാണു നീ!

കുഞ്ഞുമേഘങ്ങളൊളിച്ചുകളിക്കുമാ
മഞ്ഞണിക്കുന്നിനും കാടിനും പിന്നിലായ്
അന്തിമേഘങ്ങൾ നിരന്നു, നീലാംബര-
മന്തരംഗം കവർന്നുല്ലസിച്ചീടവേ,
എത്രദിനാന്തത്തിലിപ്പുഴവക്കിൽ വ-
ന്നുദ്രസം തൈത്തെന്നലേറ്റേറ്റിരുന്നു നാം!
അന്നൊക്കെ,യെന്നോടു വർണ്ണിച്ചു വർണ്ണിച്ചു
ചൊന്നു നിന്നാത്മരഹസ്യങ്ങളൊക്കെയും
ആയിരം മിന്നൽക്കൊടികളിളക്കി വ-
ന്നാവതെന്തിപ്പോൾ ദഹിപ്പിച്ചുമന്മനം!
നിന്നനുരാഗമിതിൽക്കലാശിക്കുമെ-
ന്നന്നൊന്നുമൽപ്പവും ശങ്കിച്ചതില്ലഞാൻ!
അസ്ഥാനരാഗങ്ങളെല്ലാമിതുവിധ-
മശ്രുകുടീരം ചമയ്പ്പവയായിടാം;
എന്നല്ലൊടുവിലാത്മാഹുതി കാണാതെ
പിന്മടങ്ങീടാതിരിപ്പവയായിടാം.

നീ വിചാരിച്ചപോൽ പൂവിരിയിട്ടത-
ല്ലീ വിശ്വരംഗത്തു ജീവിതപ്പാതകൾ;
കാപട്യകണ്ടകം, കർക്കശത്വക്കൊടും-
കാളാശ്മഖണ്ഡം നിറഞ്ഞതാണിസ്ഥലം!
ഞെട്ടിത്തെറിക്കും വിടരാന്തുടങ്ങുന്ന
മോട്ടുപോലുള്ള മനസ്സിതു കാണുകിൽ
സുസ്ഥിരനിസ്സ്വാർത്ഥരാഗമില്ലെങ്ങെ,ങ്ങു-
മൊക്കെച്ചപലമാണെല്ലാം കപടവും!
പൊന്നും പണവും പ്രതാപവും മാത്രമാ-
ണെന്നും ഭരിപ്പതീ വിശ്വരംഗത്തിനെ,
ഓടക്കുഴലുകൊണ്ടാവശ്യമില്ലിങ്ങു;
പാടുന്നകൊണ്ടില്ലൊരു ഫലമെങ്കിലും!
നാണയത്തുട്ടിൻ കിലുക്കത്തിലേതൊരു
വേണുസംഗീതവും ഗണ്യമല്ലേതുമേ!
ഇപ്പരമാർത്ഥമറിയാതെ പെട്ടെന്നു
ഞെട്ടറ്റു വീണു നീ പൊല്പ്പനീർപുഷ്പമേ!
നിശ്ചയമാണു, നിൻ പട്ടടയെക്കൂടി
നിർദ്ദയം കുറ്റപ്പെടുത്തും ജഗത്തിനി!
സത്യമറിയേണ്ട ഭാരമതിനില്ല,
കുറ്റപ്പെടുത്തിപ്പുലമ്പുകയെന്നിയേ!

ചന്ദ്രിക നിന്നെ തിരസ്കരിച്ചെങ്കിലും
മന്നിൽ നീ യെന്നേക്കുമായ് മറഞ്ഞെങ്കിലും
നിൻ നാമമെന്നുമലയടിച്ചാർത്തിടും
സുന്ദരകാവ്യാന്തരീക്ഷത്തിലെപ്പൊഴും!
കൽപ്പാന്തകാലംവരേക്കും ലസിച്ചിടും
ദുഃഖമഗ്നം നിൻ മധുരഗാനാമൃതം
കോരിക്കുടിച്ചുജഗത്തതു നിത്യവും
കോൾമയിർക്കൊണ്ടു നിൻ നാമം സ്മരിച്ചിടും.
ഹാ! മരിച്ചാലു, മനശ്വരനായ്ഗ്ഗാന-
സീമയിൽ നിൽപ്പൊരു ഗന്ധർവ്വനാണു നീ!

നിന്നന്ത്യവിശ്രമ സ്ഥാനത്തു നമ്മുടെ
നിർമ്മലസൗഹൃദസ്മാരകലക്ഷ്യമായ്,
അക്കല്ലറമേൽ ജഗത്തിനു കാണുവാ-
നിത്രയും കൂടിക്കുറിച്ചുകൊള്ളാട്ടെ ഞാൻ;

"സ്നേഹദാഹത്താൽ പ്പൊരിഞ്ഞുപൊരിഞ്ഞൊരു
മോഹനചിത്തമടിഞ്ഞതാണിസ്ഥലം
ഇങ്ങിതിനുള്ളിൽക്കിടക്കുന്നതുണ്ടൊരു
സംഗീതസാന്ദ്രമാം ശോകാപ്ത ജീവിതം-
മന്ദഹസിക്കാൻ തുടങ്ങുന്നതിൻ മുമ്പു
മന്നിൽ ചവിട്ടിൽ ചതഞ്ഞോരു ജീവിതം-
വിത്തപ്രതാപവും നിർദ്ദയനീതിയും
ഞെക്കിഞെരിച്ചു തകർത്തോരു ജീവിതം!

ആദർശശുദ്ധിതൻ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതൻ രാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളിൽ
മന്നിൽ മലിനത തേഞ്ഞു മായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതയുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൗഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..."